കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് കണ്‍സല്‍റ്റന്റുമാരായ ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് (ഡിഎംആര്‍സി) പിന്മാറി. തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ഡിഎംആര്‍സി ഓഫിസുകളിലെ ജീവനക്കാരെ പിന്‍വലിച്ചു.
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന് മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കിയിരുന്നു.
ഈ കത്തിനോടും സര്‍ക്കാര്‍ പ്രതികരിക്കാതിരുന്നതോടെയാണു പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഡിഎംആര്‍സി തീരുമാനിച്ചത്. ജനുവരി അവസാന വാരമാണ് ഇ.ശ്രീധരന് സര്‍ക്കാരിനു കത്തു നല്‍കിയത്. പദ്ധതിയുമായി മുന്നോട്ടുപോകുന്നുണ്ടോ ഇല്ലയോ എന്ന് അറിയിക്കണമെന്നും ശ്രീധരന് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്കു ശ്രീധരന് അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഫെബ്രുവരി അവസാനം വരെ കാത്തിരുന്നിട്ടും മറുപടി ലഭിക്കാതായതോടെയാണു പദ്ധതിയില്‍നിന്നു പിന്മാറാന് ശ്രീധരന് ഡിഎംആര്‍സി അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയത്.