ചാലക്കുടി: കലാഭവൻ മണി വിടപറഞ്ഞിട്ട് രണ്ടുവർഷം പിന്നിടുന്പോഴും മണിയുെട മരണം സംബന്ധിച്ച് സിബിഐ അന്വേഷണം എങ്ങുമെത്തിയില്ല. മണിയുടെ മരണത്തിൽ സംശയമുണ്ടെന്ന ആരോപണവുമായി സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ രംഗത്തുവന്നതോടെയാണ് മരണത്തിൽ ദുരൂഹത ഉയർന്നത്.
പോസ്റ്റുമോർട്ടത്തിൽ കലാഭവൻ മണിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതും സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെ ുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരു നിഗമനവും പുറത്തുവന്നില്ല. മണിയുടെ കൂടെ പാടിയിൽ ഉണ്ടായിരുന്നവരെയും സിനിമാ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ഇവരെ നുണപരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും തെളിവുകളൊന്നും കിട്ടിയിരുന്നില്ല.
ഇതിനിടയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ രാമകൃഷ്ണനും ഭാര്യ നിമ്മിയും ഹൈക്കോടതിയെ സമീപിച്ചതിനെതുടർന്നാണ് കേസ് സിബിഐയ്ക്കു വിട്ടത്. സിബിഐ അന്വേഷണം ഇപ്പോഴും നടന്നുവരികയാണ്. ചാലക്കുടി കേന്ദ്രീകരിച്ചാണ് സിബിഐ അന്വേഷണം നടത്തിവരുന്നത്. നേരത്തെ പോലീസ് ചോദ്യം ചെയ്തവരെയും കുടുംബാംഗങ്ങളെയും കണ്ട് സിബിഐ മൊഴിയെടുത്തിരുന്നു.
കേസന്വേഷണം സംബന്ധിച്ച് സിബിഐ ഇതുവരെയും യാതൊരു സൂചനകളും പുറത്തുവിട്ടിട്ടില്ല. 2016 മാർച്ച് ആറിനാണ് കലാഭവൻ മണി മരിച്ചത്. മണിയുടെ വിശ്രമസ്ഥലമായ വീടിനടുത്തുള്ള പാടിയിൽ രക്തം ഛർദ്ദിച്ച് അവശനിലയിലായ മണിയെ സുഹൃത്തുക്കൾ ചേർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.
അവിടെവച്ചാണ് മണിയുടെ അന്ത്യം. മണിയുടെ മരണം സിനിമാലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തി.
മണിയുടെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാൻ ജനലക്ഷങ്ങളാണ് ചാലക്കുടിയിൽ എത്തിച്ചേർന്നത്.