കൊണ്ടോട്ടി: വാഹനത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 70 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടിയ കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊണ്ടോട്ടിയ്ക്കടുത്തു മൊറയൂർ വാലഞ്ചേരി പാറേക്കുത്ത് കാട്ടുപരുത്തി മുഹമ്മദ് ബഷീർ(48), കിഴിശേരി തവനൂർ പേങ്ങാട്ടിൽ സൽമാനുൽ ഫാരിസ്(27) എന്നിവരെയാണ് കോഴിക്കോട് പാലക്കാട് ദേശീയപാത 11-ാം മൈലിൽ വച്ച് വാഹന പരിശോധന നടത്തി കൊണ്ടോട്ടി പോലീസ് പിടികൂടിയത്. ഇവരിൽ നിന്നു രേഖകളില്ലാത്ത 70 ലക്ഷം രൂപയാണ് കണ്ടെത്തിയത്.
മംഗലാപുരം കേന്ദ്രീകരിച്ച് കുഴപ്പണം വിതരണം ചെയ്യുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു. മലപ്പുറം ജില്ലക്ക് അകത്തും പല ഇടങ്ങളിലായി ഏറെക്കാലം കുഴൽപ്പണ ഇടപാട് നടത്തുന്ന സംഘത്തെക്കുറിച്ചു ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബഹ്റക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
മംഗലാപുരത്തു നിന്നു വാഹനത്തിൽ കുഴൽപ്പണവുമായി സംഘം എത്തുന്നതറിഞ്ഞ പോലീസ് ദേശീയപാതയിൽ വാഹനപരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറിന്റെ പിൻസീറ്റിനടിയിൽ പ്രത്യേകം തയാറാക്കിയ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്.
മംഗലാപുരത്തു നിന്നു സ്വർണം വിൽപ്പന നടത്തിയാണ് പണം എത്തിച്ചതെന്നു പിടിയിലായവർ പോലീസിനോടു പറഞ്ഞു. അരലക്ഷം രൂപയുടെ 14 അഞ്ഞൂറിന്റെ കെട്ടുകളായാണ് പണമുണ്ടായിരുന്നത്. പ്രതികളുമായി ബന്ധമുളളവരിൽ നിന്നു ആഴ്ചകൾക്കു മുന്പ് പോലീസ് 24 ലക്ഷം രൂപയുടെ പണം പിടികൂടിയിരുന്നു. അറസ്റ്റിലായവരെ പിന്നീട് മലപ്പുറം ജുഡൂഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി.
കേസിൽ തുടരന്വേഷണം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും നടത്തും. മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിലിൻറെ നേതൃത്വത്തിൽ കൊണ്ടോട്ടി ഇൻസെപെക്ടർ എം.മുഹമ്മദ് ഹനീഫ, എസ്ഐ രഞ്ജിത്, അഡീഷണൽ എസ്ഐ അബ്ദുൾ മജീദ്, എഎസ്ഐ സുലൈമാൻ, സിപിഒമാരായ രതീഷ്, തൗഫീഖുളള മുബാറക്, സെയ്ത് ഫസലുള്ള, അബ്ദുൾ ജബാർ എന്നിവരടങ്ങുന്ന സംഘവും ഷാഡോ പോലീസുമാണ് കുഴൽപ്പണ വേട്ട നടത്തിയത്.