കൂത്തുപറമ്പ്: കഴുത്തിൽ കുടുങ്ങിയ പാത്രത്തിന്റെ ശേഷിക്കുന്ന ഭാഗവുമായി അലഞ്ഞു തിരിയുന്ന നായ നൊമ്പരക്കാഴ്ചയാവുന്നു. കൂത്തുപറമ്പ് സ്റ്റേഡിയം റോഡിന്റെ പരിസരങ്ങളിലാണ് ഈ നായ ഏറെ കാലമായി ചുറ്റിത്തിരിയുന്നത്. ജന്തുസംരക്ഷണത്തിനായി പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവരെല്ലാം മുഖം തിരിഞ്ഞുനില്ക്കുകയാണ് ഈ നിസഹായതക്കു മുന്നിൽ.
കൂത്തുപറമ്പ് ട്രഷറി, കോടതി, പോലീസ് സ്റ്റേഷൻ എന്നീ സ്ഥാപനങ്ങൾക്കു പരിസരത്തായി പലരും കണ്ടിരിക്കും ഈ മിണ്ടാപ്രാണിയെ. അബദ്ധത്തിൽ തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് പാത്രത്തിന്റെ ശേഷിക്കുന്ന ഭാഗവുമായി ഈ നായ ഇവിടെ അലഞ്ഞു തിരിയാൻ തുടങ്ങിയിട്ടു മാസങ്ങളേറെയായി.
ഭക്ഷണം കഴിക്കാനോ നീണ്ടു നിവർന്നൊന്നു കിടക്കാനോ ആവാതെ നായ ബുദ്ധിമുട്ടുന്ന കാഴ്ച ആരിലും ദൈന്യത ഉളവാക്കിയിരുന്നു. ആക്രമിച്ചേക്കുമെന്ന ഭയത്താൽ കഴുത്തിൽ കുടുങ്ങിയ പാത്രം മുറിച്ചുനീക്കാൻ ആരും മുതിർന്നതുമില്ല.
നേരത്തെ രാഷ്ട്രദീപിക ഈ കാര്യം വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. ജന്തുസംരക്ഷണത്തിനായും ഇവയുടെ സംരക്ഷണത്തിനായി പ്രത്യേക വിഭാഗം തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും അധികൃതരാരും ഈ പാവം മിണ്ടാപ്രാണിയുടെ രക്ഷയ്ക്കായി എത്തിയില്ല. സ്റ്റേഡിയത്തിനു സമീപത്തു നിർത്തിയിടുന്ന വാഹനങ്ങൾക്കടിയിലാണു മിക്ക സമയവും ഈ നായ ഉണ്ടാവുക.