കല്പറ്റ: സദാചാര ഗുണ്ടായിസത്തിന് കേരളത്തില്‍ അവസാനമില്ല. നഗരത്തില്‍ ബസ് കാത്തിരുന്ന അച്ഛനെയും പെണ്മക്കളെയും സദാചാരപോലീസ് ചമഞ്ഞ് അപമാനിച്ച സംഭവത്തില്‍ മൂന്നു പേരെ കല്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവര്‍മാരായ അമ്പിലേരി ചെളിപറമ്പില്‍ ഹിജാസ് (25), എടഗുനി ലക്ഷം വീട് പ്രമോദ് (28), കമ്പളക്കാട് പള്ളിമുക്ക് കൊള്ളപറമ്പില്‍ അബ്ദുല്‍ നാസര്‍ (45) എന്നിവരാണ് അറസ്റ്റിലായത്.
മുട്ടില്‍ അമ്പുകുത്തി പാറയില്‍ സുരേഷ്ബാബുവിനാണ് ഫെബ്രുവരി 28 ന് രാത്രി ദുരനുഭവം നേരിട്ടത്. ബെംഗളൂരുവിലേയ്ക്ക് പോകാനായി അനന്തവീര തിയറ്ററിനു സമീപത്തെ കാത്തിരിപ്പുകേന്ദ്രത്തില്‍ ഡിഗ്രിക്കും ഏഴാം ക്ലാസിലും പഠിക്കുന്ന പെണ്‍മക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു സുരേഷ്ബാബു. പെണ്‍കുട്ടികള്‍ക്കൊപ്പം എന്താണ് ഇവിടെ എന്ന് ചോദിച്ചായിരുന്നത്രേ ചോദ്യം ചെയ്യല്‍. മക്കളാണെന്നു പറഞ്ഞപ്പോള്‍ തെളിവു കാണിക്കണമെന്നായി പ്രതികള്‍. കരഞ്ഞ മക്കളെ തള്ളിയിടുകയും തന്നെ കയ്യേറ്റം ചെയ്യുകയും ഉണ്ടായെന്ന് പരാതിയില്‍ പറയുന്നു. ഇന്നലെ പ്രതികളെ സുരേഷ്ബാബു തിരിച്ചറിഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചനയുണ്ട്.