നടി ശ്രീദേവിയെ സ്വയം ഭാര്യയായി സ്വീകരിച്ച ആരാധകന്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ദുഖാചരണത്തില്‍; ഇതുവരെ താരത്തിനായി എഴുതിയത് 3000 കത്തുകള്‍; ഓംപ്രകാശിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ശ്രീദേവിയുടെ അകാലമരണം ഇന്ത്യന്‍ സിനിമാലോകത്തെ ചെറുതായൊന്നുമല്ല ഉലച്ചത്. ശ്രീദേവിയുടെ ആരാധകരും അതേ അവസ്ഥയിലാണ്. എന്നാല്‍ ആരാധന അധികമായി ശ്രീദേവി ഭാര്യയാണെന്നുവരെ പ്രഖ്യാപിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ഷിയോപ്പൂര്‍ സ്വദേശി ഓംപ്രകാശ്.

ശ്രീദേവിയുടെ മരണവാര്‍ത്ത വന്നതില്‍ പിന്നെ ഭക്ഷണവും വെള്ളവും വരെ ഉപേക്ഷിച്ച് ദുഃഖമാചരിക്കുകയാണ് ഈ ആരാധകന്‍. ഗ്രാമത്തില്‍ അനുശോചനയോഗം വിളിച്ചുകൂട്ടിയ ഇയാള്‍ സ്വയം ശ്രീദേവിയുടെ ഭര്‍ത്താവാണെന്ന് പ്രഖ്യാപിച്ചു. ഓംപ്രകാശിന് ശ്രീദേവിയോടുള്ള കടുത്ത ആരാധന അറിയാവുന്ന സുഹൃത്തുകള്‍ക്കും ഗ്രാമവാസികള്‍ക്കും ഇതില്‍ അത്ഭുതമൊന്നും തോന്നിയില്ല. വോട്ടര്‍പട്ടികയില്‍ ശ്രീദേവിയുടെ പേര് പോലും ചേര്‍ത്തിട്ടുണ്ട് ഓംപ്രകാശ്.

ആരാധന കലശലായി 3000 കത്തുകളാണ് പ്രിയപ്പെട്ട താരത്തിന് എഴുതിയിരിക്കുന്നത്. അമ്മ മരിച്ച അവസരത്തില്‍പ്പോലും തലമുണ്ഡനം ചെയ്യാന്‍ തയാറാകാത്ത ഓംപ്രകാശ് ഇത്തവണ അതും ചെയ്തു. എന്നെങ്കിലും ശ്രീദേവിയെ നേരിട്ടുകാണുകയെന്നുള്ളതായിരുന്നു ഇയാളുടെ വലിയ ആഗ്രഹം. എന്നാല്‍ അത് ഇനി സഫലമാകാത്തതിനെത്തുടര്‍ന്ന് മനസുകൊണ്ടുവരിച്ച പ്രിയതാരത്തിന്റെ ചിത്രത്തിന് മുമ്പിലിരുന്ന് കരയുകയാണ് ഈ ആരാധകന്‍. ഏഴുജന്മം ശ്രീദേവിയ്ക്കായി കാത്തിരിക്കാന്‍ തയാറാണെന്നും ഓംപ്രകാശ് സുഹൃത്തുക്കളെ അറിയിച്ചു.

 

Related posts