തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതികളി ൽനിന്നു ഡിഎംആർസി പിൻമാറുന്നതിനു പിന്നിൽ സർക്കാരിന്റെ അനാസ്ഥയാണു കാരണമെന്ന ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ പരാമർശം തള്ളി മന്ത്രി ജി.സുധാകരൻ.
ലൈറ്റ് മെട്രോയ്ക്കു ഡിഎംആർസിയുടെ സഹായം വേണ്ടെന്നും കൊടുക്കാത്ത കരാർ വാങ്ങിക്കാൻ ശ്രീധരന് എന്താണ് അധികാരമെന്നും സുധാകരൻ ചോദിച്ചു. സൽപ്പേരുണ്ടെന്നുവച്ച് സർക്കാരിനെതിരേ യുദ്ധം ചെയ്യാൻ വരേണ്ടെന്നും സുധാകരൻ തുറന്നടിച്ചു.
നേരത്ത, ലൈറ്റ് മെട്രോ പദ്ധതികളിൽനിന്നു ഡിഎംആർസി പിൻമാറുകയാണെന്ന് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ വ്യക്തമാക്കിയിരുന്നു. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളിൽനിന്നാണ് കണ്‍സൾട്ടന്റുമാരായ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) പിൻമാറിയത്.
തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ഡിഎംആർസി ഓഫീസുകളിലെ ജീവനക്കാരെ പിൻവലിക്കുകയും ചെയ്തു.പലതവണ കത്തയച്ചിട്ടും പദ്ധതിക്കായി സർക്കാർ ഒരു നടപടിയുമെടുത്തില്ലെന്നും നിരാശയോടെയാണു പിൻമാറ്റമെന്നും ശ്രീധരൻ പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ തീരുമാനമെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഇ.ശ്രീധരൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകിയിരുന്നു. എന്നാൽ പലതവണ കത്തയച്ചിട്ടും സർക്കാർ ഒരു മറുപടിയും നൽകിയില്ലെന്നും ഇ.ശ്രീധരൻ ചൂണ്ടിക്കാട്ടി.