വൈപ്പിൻ: പള്ളിപ്പുറം സ്വദേശിയായ യുവതിക്ക് ഇറ്റലിയിൽ വിസ വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം തട്ടിയെടുത്ത കോഴിക്കോട് സ്വദേശിയായ മുക്കം താഴേക്കാട് ആഞ്ഞിലി മൂട്ടിൽ നെൽസണെ(35) ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
യുവതി നൽകിയ പരാതിയിൽ വഞ്ചനാക്കുറ്റത്തിനു കേസെടുത്ത മുനന്പം പോലീസ് ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയത്. കോഴിക്കോട് ഡ്രൈവറായ പ്രതിയുടെ ഭാര്യ ഇറ്റലിയിൽ ജോലി ചെയ്യുകയാണ്. ഇത് പറഞ്ഞാണ് യുവതിയെ പറ്റിച്ച് ഇയാൾ 3 ലക്ഷം രൂപ തട്ടിയെടുത്തത്. 2016 മുതൽ പലപ്പോഴായി ബാങ്കുമുഖേനയാണ് യുവതി ഇയാൾക്ക് പണം നൽകിയത്.
യുവതി തൃശൂർ മണ്ണുത്തിയിൽ പഠിക്കുന്പോൾ ആ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു പ്രതി. അങ്ങിനെയാണ് പ്രതിയുമായി പരിചയമെന്ന് പോലീസ് പറയുന്നു. വിസ തരാതെയായപ്പോൾ പലകുറി യുവതിയുടെ വീട്ടുകാർ പണം ആവശ്യപ്പെട്ടെങ്കിലും ഇയാൾ അവധികൾ പറഞ്ഞ് നീട്ടുകയായിരുന്നു.
അവസാനം ചതിക്കപ്പെട്ടുവെന്ന് ബോധ്യമായപ്പോഴാണ് പരാതി നൽകിയത്. ഗ്രേഡ് എസ്ഐ പി.കെ. അസീസ്, എസ്സിപിഒ ടി.എസ്. സിജു എന്നിവരാണ് പ്രതിയ അറസ്റ്റ് ചെയ്തത്.