അഗർത്തല: ത്രിപുരയിൽ രാഷ്ട്രീയ എതിരാളികൾക്കു നേരേയുള്ള ആക്രമണം തുടരുന്നു. ആക്രമണം നടന്ന സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. പടിഞ്ഞാറൻ ത്രിപുരയിലെ ശ്രീനഗർ, ലിഫുംഗ, മാൻഡായി, അംതലി, രാധേപുർ, അരുന്ധതിനഗർ, ജിറാനി, മോഹൻപുർ തുടങ്ങി പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സിപിഎം ഓഫീസുകൾക്കുനേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നാലെ കോണ്ഗ്രസ് ഓഫീസിനുനേരെയും ആക്രമണമുണ്ടായി.
കമാൽപൂരിലെ കോണ്ഗ്രസിന്റെ ഓഫീസ് ബിജെപി ബലമായി പിടിച്ചെടുത്ത് കൊടി നാട്ടിയെന്ന് യൂത്ത് കോണ്ഗ്രസ് ത്രിപുര ജനറൽ സെക്രട്ടറി പൂജൻ ബിശ്വാസ് ട്വിറ്ററിലൂടെ അറിയിച്ചു. സിപിഎമ്മിന്റെ നിരവധി ഒാഫീസുകൾ ബിജെപി പ്രവർത്തകർ പിടിച്ചെടുക്കുകയോ തകർക്കുകയോ ചെയ്തു. തെക്കൻ ത്രിപുരയിൽ രണ്ടു ലെനിൻപ്രതിമകൾ നീക്കം ചെയ്തു.ഞായറാഴ്ച സബ്രൂമിൽ ഒരു ലെനിൻപ്രതിമ നീക്കം ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്നശേഷം 514 പാർട്ടി പ്രവർത്തകർ ആക്രമണത്തിന് ഇരയായി. 1,539 വീടുകൾ ആക്രമിക്കപ്പെട്ടു. 196 വീടുകൾക്കു തീവച്ചു. 134 ഓഫീസുകളാണു ബിജെപിക്കാർ കൊള്ളയടിച്ചത്. 64 പാർട്ടി ഓഫീസുകൾക്ക് തീയിട്ടു. ബഹുജനസംഘടനകളുടെ 90 ലധികം ഓഫീസുകൾ ബിജെപിക്കാർ പിടിച്ചെടുത്തുവെന്നും സംസ്ഥാനസെക്രട്ടറി ബിജൻ ധർ കുറ്റപ്പെടുത്തി.
സിപിഎം പ്രവർത്തകർ പലരും വീടു വിട്ട് പാർട്ടി ഒാഫീസുകളിൽ അഭയം തേടിയിരിക്കുകയാണ്. രാഷ്ട്രീയസംഘർഷവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ജനങ്ങൾ സമാധാനം പാലിക്കണമെന്നാണു ബിജെപി സംസ്ഥാന അധ്യക്ഷൻ ബിപ്ലവ് ദേബ് പറയുന്നത്. അക്രമികളെ വെറുതെവിടില്ലെന്ന ഉറപ്പും അദ്ദേഹം നൽകി.
സിപിഎമ്മുകാരുടെ ആക്രമണത്തിൽ 49 ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റുവെന്നും ഇവരിൽ 17 പേർ ആശുപത്രിയിലാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ഐപിഎഫ്ടി സഖ്യം വിജയം നേടിയതിനു പിന്നാലെയാണ് സംസ്ഥാനത്തു വ്യാപകമായ ആക്രമണം ആരംഭിച്ചത്..