തളിപ്പറമ്പ്: ആള്‍മാറാട്ടത്തിലൂടെ സംസ്ഥാന പാതയോരത്തെ കോടികൾ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കൈക്കൂലിക്കേസില്‍ സസ്പെന്‍ഷനിലുള്ള സബ് രജിസ്ട്രാറുള്പ്പെടെ ഏഴു പേര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്. എറണാകുളം സ്വദേശിനി തുമ്പശേരി റോസ്മേരിയുടെ പരാതിയിലാണ് ഏഴുപേര്‍ക്കെതിരേ കേസ് രജിസ്റ്റർ ചെയ്യാൻ മജിസ്ട്രേറ്റ് നികേഷ്കുമാര്‍ തളിപ്പറമ്പ് പോലീസിനു നിര്‍ദേശം നല്‍കിയത്.
സ്ഥലം വാങ്ങിയെന്നു പറയുന്ന എറണാകുളം പാലാരിവട്ടത്തെ കാരയില്‍ മുത്തലിബ്, മാട്ടൂല്‍ നോര്‍ത്തിലെ കൊയക്കര പുതിയപുരയില്‍ കെ.പി. അബ്ദുള്‍ സത്താര്‍, ആധാരമെഴുത്തുകാരന്‍ എ. പുരുഷോത്തമന്, സബ് രജിസ്ട്രാർ പി.വി. വിനോദ്കുമാര്‍, രജിസ്ട്രേഷന് സമയത്ത് റോസ്മേരിയെ തിരിച്ചറിഞ്ഞു സാക്ഷ്യപ്പെടുത്തിയ മാടായിയിലെ എ. രാജേന്ദ്രന്, കല്യാശേരിയിലെ കളത്തിൽ ദീപ, തളിപ്പറമ്പിലെ കൊഴുക്കൽ ഇസ്മയില്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. കേസിൽ ആരോപണവിധേയനായ സബ് രജിസ്ട്രാർ പി.വി. വിനോദ് കുമാർ കഴിഞ്ഞ മാസം 14നാണ് കൈക്കൂലിക്കേസില്‍ പിടിയിലായതും സസ്പെൻഷനിലായതും.
പരാതി നൽകിയ റോസ്മേരി ഇപ്പോൾ ബംഗളൂരുവിലാണു സ്ഥിരതാമസം. തളിപ്പറമ്പ് – ശ്രീകണ്ഠപുരം സംസ്ഥാന പാതയിലെ കുറുമാത്തൂര്‍ വ്യവസായമേഖലയില്‍ റോസ്മേരിക്കു പൂര്വസ്വത്തായി ലഭിച്ച ഏഴേകാൽ ഏക്കർ ഭൂമിയുണ്ട്. ഈ ഭൂമി സെന്റിന് 60,000 രൂപ നിരക്കില്‍ കാരയിൽ മുത്തലിബിനു വിൽക്കാൻ തീരുമാനിച്ചിരുന്നു.
ഒരു കോടി രൂപ മുന്‍കൂറായി ലഭിച്ചശേഷം എഗ്രിമെന്റ് എഴുതാമെന്നായിരുന്നു ഇരുകൂട്ടരുടെയും ധാരണ. ഇതനുസരിച്ച് 2017 മാര്‍ച്ച് 18ന് ബന്ധപ്പെട്ടവർ 25 ലക്ഷം രൂപയുടെ ചെക്ക് നല്കി. ശേഷിച്ച അഡ്വാന്‍സ് തുക ഉടൻ നല്കാമെന്നുപറഞ്ഞു മുങ്ങിയ ഇവരെക്കുറിച്ചു പിന്നീട് വിവരമൊന്നുംലഭിച്ചില്ല.
മാസങ്ങള്‍ക്കുശേഷം കുടിക്കടം പകര്‍ത്തിയപ്പോഴാണ്, വ്യാജരേഖ ചമച്ച് റോസ്മേരിയുടെ സ്ഥലം തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസില്‍വച്ച് ‘വിറ്റതായി’ അറിയുന്നത്. 36 വര്‍ഷം മുമ്പാണു റോസ്മേരി അവസാനമായി തളിപ്പറമ്പിലെത്തിയത്.
എന്നാൽ, റോസ്മേരി 2016 ഒക്ടോബര്‍ ഒന്നുമുതല്‍ 2017 ഏപ്രില്‍ നാലുവരെ വിവിധ തീയതികളില്‍ തളിപ്പറമ്പ് രജിസ്ട്രാര്‍ ഓഫീസിലെത്തി സ്ഥലം കൈമാറിയെന്നാണു രേഖയിലുള്ളത്. ആധാരങ്ങളില്‍ റോസ്മേരിയുടേത് എന്നപേരിൽ ഒട്ടിച്ച ഫോട്ടോ മറ്റാരുടേതോ ആയിരുന്നു. ഇതേത്തുടര്‍ന്നാണു റോസ്മേരി തളിപ്പറമ്പ് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹർജി ഫയല്‍ചെയ്തത്.