വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ നീലച്ചിത്ര നടി കോടതിയിൽ ഹർജി നൽകി. സ്റ്റെഫാനി ക്ലിഫോർഡെന്ന സ്റ്റോമി ഡാനിയേലാണ് ട്രംപിനെതിരേ ഹർജി നൽകിയത്. 2006ൽ ഒരു ഗോൾഫ് മൽസരത്തിനിടെയാണ് ട്രംപും സ്റ്റോമിയുമായി കണ്ടുമുട്ടിയത്. പിന്നീട് ട്രംപ് താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നു സ്റ്റോമി വെളിപ്പെടുത്തി.
തുടർന്ന് 2016ൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് “എബിസി ന്യൂസി’നോടു സംസാരിക്കാൻ സ്റ്റോമി തയാറായി. എന്നാൽ ട്രംപ് പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ബന്ധം മറച്ചുപിടിക്കുന്നതിനായി പണം നൽകാമെന്ന വ്യവസ്ഥയിൽ നടിയുമായി രഹസ്യ കരാർ ഒപ്പുവച്ചിരുന്നു.
ട്രംപിന്റെ ബന്ധം തെരഞ്ഞെടുപ്പു വിവാദമായി എതിർക്യാന്പ് ഉയർത്തിക്കൊണ്ടുവന്നപ്പോൾ കരാർ പ്രകാരം നടി വാർത്ത നിഷേധിക്കുകയും അഭിമുഖത്തിൽ പറഞ്ഞതെല്ലാം കള്ളമായിരുന്നു എന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ കരാർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നടി ഇപ്പോൾ കോടതിയിൽ ഹർജി നൽകിയിരിക്കുന്ന്ത്.
കരാറിൽ ട്രംപ് ഒപ്പിട്ടിട്ടില്ലെന്നാണ് സ്റ്റോമിയുടെ വാദം. അതിനാൽ കരാർ നിലനിൽക്കില്ലെന്നും സ്റ്റോമി പറയുന്നു. തന്റെ കഥ സ്റ്റോമി ഒരു മാധ്യമത്തിലൂടെ വെളിപ്പെടുത്താൻ കരാറായിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ട്രംപിനെതിരേ ഹർജി നൽകിയിരിക്കുന്നത്.