പത്തനാപുരം: ഇളമ്പലില്‍ പ്രവാസി തൂങ്ങിമരിച്ച സംഭവത്തില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കൂടുതല്‍ തെളിവുകൾ. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് നേതാക്കള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. പത്ത് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെങ്കിലും ഒരുദിവസം മാത്രമാണ് കോടതി അനുവദിച്ചത്.എഐവൈഎഫ് നേതാക്കളില്‍ ചിലരുടെ റിയല്‍എസ്റ്റേറ്റ് ബന്ധമാണ് വര്‍ക്ക്ഷോപ്പ് നിര്‍മ്മാണ സ്ഥലത്ത് കൊടികുത്തിയതിന് പിന്നിലെന്നാണ് സൂചന.
എഐവൈഎഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി വിളക്കുടി മണ്ണൂര്‍കിഴക്കേതില്‍ വീട്ടില്‍ എം.എസ് ഗിരീഷ്(31),സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും,എഐവൈഎഫ് നേതാവുമായ ഇളമ്പല്‍ ചീവോട് പാലോട്ട്മേലേതില്‍ ഇമേഷ്(34),ചീവോട് സതീഷ് ഭവനില്‍ സതീഷ്(32) എന്നിവരെയാണ് കോടതിയില്‍ നിന്നും ഒരുദിവസത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തത്.
പത്തനാപുരം സിഐ എം. അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. വര്‍ക് ഷോപ്പ് നിര്‍മ്മിക്കാനുദ്ദേശിച്ച സ്ഥലത്ത് കൊടികുത്തിയത് ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.സംഭവത്തില്‍ പത്തോളം സിപിഐ എഐവൈഎഫ് , പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്കാണ് കേസ്.
കൊല്ലം തിരുമംഗലം ദേശീയ പാതക്കരുകില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷന് സമീപം വര്‍ക്ക് ഷോപ്പ് നടത്തുന്നതിനായി നിര്‍മ്മിച്ച ഷെഡില്‍ സുഗതനെ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കഴിഞ്ഞമാസം ഇരുപത്തിമൂന്നിനാണ് കണ്ടെത്തിയത് .ഗള്‍ഫില്‍ 40 വര്‍ഷമായി വര്‍ക്ക്ഷോപ്പ് നടത്തി വന്ന സുഗതന് രണ്ടുമാസം മുമ്പ് മടങ്ങിയെത്തി ഇവിടെ വര്‍ക്ക്ഷോപ്പ് നടത്താനിരിക്കുകയായിരുന്നു.
ഇതിനായി വിളക്കുടി പഞ്ചായത്തിലെ ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനില്‍ സമീപവാസിയായ ഒരാളുടെ നികത്തിയ വയല്‍ പാട്ടത്തിനെടുത്ത് വാഹന വര്‍ക്ക്ഷോപ്പിനുള്ള ഷെഡിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. ഇതോടെ സിപിഐയും യുവജന സംഘടനയായ എഐവൈഎഫും രംഗത്തെത്തിയിരുന്നു. ഇവിടെ നിര്‍മ്മാണം അനുവദിക്കില്ല എന്നാരോപിച്ച് കൊടികുത്തുകയും ചെയ്തു.
15 വർഷം മുൻപ് നികത്തിയ വയലാണ് പാട്ടത്തിനെടുത്തിരുന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങുന്നതിന് പണം ആവശ്യപ്പെട്ട് സിപിഐക്കാര്‍ ഭീഷണിപ്പെടുത്തിയത് സുഗതനെ ആകെ മനോവിഷമത്തിലാക്കിയിരുന്നു.രാവിലെ തന്റെ സഹായിയോടൊപ്പം ഷെഡ് പൊളിക്കാനെന്ന പേരിലെത്തിയ സുഗതന് സഹായിയെ ചായകുടിക്കാന്‍ പറഞ്ഞുവിട്ട ശേഷം ജീവനൊടുക്കുകയായിരുന്നു.