ഗാന്ധിനഗർ: മദ്യപിച്ചെന്നാരോപിച്ച് കടയുടെ മുന്നിൽ നിന്ന് പോലീസ് പിടിച്ചുകൊണ്ടു പോയ യുവാവിനെ കന്പിവടിക്കടിച്ച് കൈഒടിച്ചെന്നു പരാതി. കുറവിലങ്ങാട് എസ്ഐ മർദിച്ചെന്നാരോപിച്ച് കുറവിലങ്ങാട് കാഞ്ഞിരംകുളം തറത്തിൽ അജയനെ (39) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് അജയൻ പറയുന്നതിങ്ങനെ: തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് കുറവിലങ്ങാട് മുട്ടുങ്കൽ ഭാഗത്തുള്ള ഒരു കടയിൽ നിന്നും പച്ചക്കറി വാങ്ങുന്നതിനിടയിൽ ഒരു ചോലീസ് ഉദ്യോഗസ്ഥനെത്തി. താൻ മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോൾ മദ്യപിച്ചിട്ടാണോ സ്കൂട്ടർ ഓടിക്കുന്നതെന്ന് ചോദിച്ചു കൊണ്ട് സ്റ്റേഷനിലേക്ക് ചെല്ലുവാൻ ആവശ്യപ്പെട്ടു.
താൻ മദ്യപിച്ചുണ്ടെന്നും വാഹനം ഓടിച്ചില്ലെന്നും പറഞ്ഞെങ്കിലും ബലമായി പോലീസ് ജീപ്പിൽ കയറ്റി. സ്റ്റേഷനിലെത്തിയപ്പോൾ എസ്. ഐ മൃഗിയമായി മർദിച്ചു. തലയ്ക്ക് പിൻഭാഗത്ത് കൈ കൊണ്ട് മർദിക്കുകയും താഴെ വീണപ്പോൾ ഷൂസിട്ട് ചവിട്ടുകയും ചെയ്തു.മർദനം സഹിക്കാതെ കരഞ്ഞ് കാലു പിടിച്ചിട്ടും എസ്.ഐ സമ്മതിച്ചില്ല.
പിന്നീട് നീളമുള്ള കന്പിവടിക്ക് കൈത്തണ്ടിൽ അടിച്ച് കൈ ഒടിച്ചു. പീന്നീടു് ചില പോലീസ് ഉദ്യോഗസ്ഥരെത്തി കന്പിവടി എസ് ഐയിൽ നിന്ന് പിടിച്ചു വാങ്ങുകയായിരുന്നുവെന്ന് അജയൻ പറഞ്ഞു. തുടർന്ന് ഭാര്യയെ വിളിച്ചു വരുത്തി പറഞ്ഞു വിടുകയായിരുന്നു.
എന്നാൽ മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് ഇയാളെ പിടിച്ചതെന്നും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനായി ജീപ്പിൽ കയറ്റുവാൻ ശ്രമിച്ചപ്പോൾ ബലം പ്രയോഗിച്ച് കയറാതിരിക്കുവാൻ ശ്രമിച്ചിട്ടുണ്ടെന്നും അല്ലാതെ ഇളാളെ മർദ്ദിച്ചിട്ടില്ലെന്നുമാണ് കുറവിലങ്ങാട് എസ് ഐയുടെ വിശദീകരണം.