കോഴിക്കോട്: കോഴിയിറച്ചിവില കുത്തനെ കുറഞ്ഞിട്ടും വിലകുറയ്ക്കാതെ ഹോട്ടലുകള്‍ .ചിക്കന്‍ വിലകുതിച്ചുകയറുമ്പോള് ചിക്കന്‍ വിഭവങ്ങള്‍ക്ക് വിലകുട്ടാറുള്ള ഹോട്ടലുകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ വിലകുറയ്ക്കാന്‍ തയ്യാറായിട്ടില്ല. കോഴി ഇറച്ചിയുടെ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഹോട്ടലുകളിലെ ചിക്കന്വിഭവങ്ങള്ക്ക് വില കുറയ്ക്കുവാന്‍ അംഗങ്ങളോട് നിര്‍ദ്ദേശിച്ചതായി കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന് അറിയിച്ചു.
ഫാമുകളില്‍ നിന്നും കോഴി നേരിട്ടുവാങ്ങുന്നവര്ക്ക് നൂറുരൂപയ്ക്ക് കിലോ കോഴിയിറച്ചി ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്. എന്നാല്‍ നൂറുരൂപയ്ക്ക് ഞങ്ങള്‍ക്കിപ്പോഴും ഇറച്ചി ലഭ്യമല്ലെന്നും ഇടനിലക്കാരിലുടെ എത്തുമ്പോള്‍ ചിക്കന്‍ പ്രതീക്ഷിച്ചവിലകുറവ് ഉണ്ടാകുന്നില്ലെന്നും ഇവര്‍ പറയുന്നു.
പുറത്ത് 130 മുതല്‍ 140 രൂപവരെയാണ ചിക്കന്‍ വില. എന്നാല്‍ മൊത്തകച്ചവടക്കാരില്‍ നിന്നും ചിക്കന്‍ വാങ്ങുമ്പോള്‍ 120 വരെ രൂപയ്ക്ക് ലഭിക്കാറുണ്ട്. ചിക്കന്‍വില ഉയരുമ്പോള്‍ ആനുപാതികമായി ചിക്കന്‍ വിഭവങ്ങള്‍ക്ക് ഹോട്ടല്‍ ഉടമകള്‍ വില വര്‍ധിപ്പിക്കാറുണ്ട്.
അതുപോലെ ചിക്കന്‍വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ആനുപാതികമായി വില കുറച്ച് സമൂഹത്തോടുള്ള ഉത്തരവാദിത്വം പാലിക്കണമെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി.ജയപാലും അംഗങ്ങളോട് അഭ്യര്‍ഥിച്ചു.
എന്നാല്‍ ഇത് എത്രമാത്രം പ്രാവര്ത്തികമാക്കുമെന്നകാര്യത്തില് യാതൊരു ഉറപ്പുമില്ല. അതേസമയം ഇപ്പോള്‍ കോഴിയിറച്ചികഴിക്കുന്നത് കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതും കോഴിവിലകുറയുന്നതിന് കാരണമായിട്ടുണ്ട്. സോഷ്യല്‍മീഡിയകളിലും മറ്റും ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്.