കീര്‍ത്തി കാര്‍മല്‍ ജേക്കബ്
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ആണ്-പെണ് സമത്വം, സ്ത്രീയുടെ സാമൂഹിക ഔന്നത്യം, സ്ത്രീ സുരക്ഷ, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങള്‍ വളരെ സജീവമായി വിശകലനം ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണിത്.
സ്ത്രീശാക്തീകരണത്തിനും സ്ത്രീ സുരക്ഷയ്ക്കുമായി പ്രത്യേകം പ്രത്യേകം സംഘടനകളും കാമ്പയിനുകളും പ്രതിദിനമെന്നവണ്ണം പിറവിയെടുക്കുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്ന കാലഘട്ടം. സ്ത്രീ-പുരുഷ സമത്വത്തിനുവേണ്ടി വാഗ്വാദങ്ങള്‍ നടത്തുമ്പോഴും അത് സ്ഥാപിച്ചെടുക്കാനായി ആര്‍ത്തവം മുതല്‍ മുലയൂട്ടല്‍ വരെ എന്തും ആയുധമാക്കുമ്പോഴും സ്ത്രീകളില്‍തന്നെ ചിലരെങ്കിലും മറന്നുപോവുന്ന ഒരു കാര്യമുണ്ട്.
തങ്ങളുടെ വേദനകളെയും ത്യാഗങ്ങളെയും വില്പ്പനച്ചരക്കാക്കിയും അന്തിചര്ച്ചയ്ക്കിട്ടുകൊടുത്തുമല്ല അംഗീകാരം നേടിയെടുക്കേണ്ടത്, മറിച്ച്, തങ്ങളുടെ മികവുകളെയും നേട്ടങ്ങളെയും ഉയര്ത്തികാട്ടിയാണെന്നത്. ഇത്തരത്തില്‍ സ്ത്രീയുടെ ഉന്നതിയും അവകാശങ്ങളും അവളുടെ കൈകളില്‍ തന്നെയാണെന്നും അത് പുരുഷനില്‍ നിന്ന് പിടിച്ച് വാങ്ങേണ്ടയാവശ്യമില്ലെന്നും വിശ്വസിക്കുന്ന, സ്വന്തം ജീവിതത്തിലൂടെ അത് തെളയിച്ച ഒരു വനിതാരത്നത്തെ പരിചയപ്പെടാം…ഇന്നീ വനിതാദിനത്തില്‍
‘അന്ന്…പാസ്സിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് സബ് ലഫ്റ്റനന്റ് റാങ്ക് സൂചിപ്പിക്കുന്ന ബാഡ്ജ് തോളില്‍ പതിഞ്ഞ ആ നിമിഷം..ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളിലൊന്നായിരുന്നു അത്..’. ഇതു പറയുമ്പോള്‍, എന്‍സിസി നേവി വിഭാഗത്തിലെ കേരളത്തിലെ ആദ്യ വനിതാ സബ് ലഫ്റ്റനന്റ് റാങ്ക് ജേതാവ് പ്രിയ ജലേഷിന്റെ വാക്കുകളില്‍ സന്തോഷം തുളുമ്പി നിന്നു.
കാരണം മൂന്ന് മാസത്തെ അതികഠിന പരിശീലനത്തിന്റെയും അതിനുമുമ്പ് അനേക വര്‍ഷങ്ങള്‍കൊണ്ട് സ്വരുക്കൂട്ടിയ ആത്മവിശ്വാസത്തിന്റെയും ഫലമായിരുന്നു ആ പദവിയും അതുവഴി സ്വന്തം പേരിലായ റെക്കോഡും. അസാധ്യമെന്ന വാക്കിനെ സ്ത്രീകള്‍ പാടെ മറന്നുപേക്ഷിക്കണമെന്ന സന്ദേശമാണ് അധ്യാപിക കൂടിയായ പ്രിയ തന്റെ ഈ നേട്ടത്തിലൂടെ സ്ത്രീ സമൂഹത്തോട് വിളിച്ചുപറയുന്നത്.
അധ്യാപികയില്‍ നിന്ന് സബ് ലഫ്ററനന്റിലേയ്ക്കുള്ള യാത്ര
തിരുവനന്തപുരം എംജി കോളജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ എന്ന വിശേഷണം മാത്രമുണ്ടായിരുന്ന പ്രിയയ്ക്ക് എന്‍സിസി നേവി വിഭാഗത്തിലെ കേരളത്തിലെ ആദ്യ വനിതാ സബ് ലഫ്റ്റനന്റ് പദവിയും റെക്കോഡും സ്വന്തമാക്കാന്‍ സാധിച്ചിരിക്കുന്നു.
കോളജിലെ എന്‍സിസി നേവി വിംഗിന്റെ അസോസിയേറ്റ് എന്‍സിസി ഓഫീസറുകൂടിയായ ഇവര്‍ക്ക് ഈ നേട്ടത്തിലേയ്ക്കുള്ള യാത്ര സാഹസികമായിരുന്നെങ്കിലും അതിന്റെ ഫലം ഇന്ന് അനേകര്‍ക്ക് പ്രചോദനമാവുന്നുണ്ട്. 2017 ല്‍ മൂന്ന് മാസത്തെ അതികഠിനമായ പരിശീലനമായിരുന്നു ഇതിനായി ഉണ്ടായിരുന്നത്. ഒരു മാസം ഗ്വാളിയറിലും രണ്ട് മാസം കൊച്ചിയിലും.
ജീവിതം മാറ്റിമറിച്ച ട്രെയിനിംഗ്
ഇന്ത്യ മുഴുവനിലും നിന്ന് തെരഞ്ഞെടുക്കപ്പെട്ട 20 പേരാണ് ഉണ്ടായിരുന്നത്. വനിതകള്‍ ആദ്യമായി പരിശീലനത്തിനെത്തുന്ന ബാച്ചെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഞാനും ഗുജറാത്തില്‍ നിന്നുള്ള ഒരധ്യാപികയുമായിരുന്നു അത്. ബാക്കി പതിനെട്ടുപേരും പുരുഷന്മാര്. ഗ്വാളിയറില്‍ ഒരു മാസം ബേസിക് ട്രെയിനിംഗ് ആയിരുന്നു.
ശാരീരികക്ഷമതയാണ് അവിടെ പ്രധാനമായും പരിശീലിക്കപ്പെട്ടിരുന്നത്. ഡ്രില്‍, പരേഡ് എന്നിവയ്ക്ക് പുറമേ വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട പരിശീലനവും ലഭിച്ചു. കേള്‍ക്കുമ്പോള്‍ എളുപ്പമെന്ന് തോന്നിയാലും ഏറ്റവും ക്ലേശകരമായ സമയമായിരുന്നു അത്.
കാരണം, പരേഡ് പോലുള്ളവയൊന്നും ഇതുവരെ കൃത്യമായി ചെയ്തിട്ടില്ലാത്ത നമുക്ക് അതൊക്കെ വളരെ പരുക്കമായാണ് അനുഭവപ്പെട്ടത്. ഗ്വാളിയറിലുള്ള ഓഫീസര്‍ ട്രെയിനിംഗ് അക്കാദമി (OTA)യിലായിരുന്നു പരിശീലനം. പഴയ ഗ്വാളിയാര്‍ കൊട്ടാരമാണത്. അതിനകത്ത് കേറിക്കഴിഞ്ഞപ്പോഴേ പെട്ടുപോയ അവസ്ഥയായിരുന്നു. ആദ്യം തന്നെ ആഭരണങ്ങളെല്ലാം അഴിപ്പിച്ചു. മിലിട്ടറി ഓഫീസേഴ്സ് തന്നെയാണ് പരിശീലനം നല്കിയിരുന്നതും.
ഒരു ദയയും കാട്ടിയിരുന്നില്ല. കോളജ് അധ്യാപകരാണെന്നൊന്നും അവര്ക്കറിയേണ്ടിയിരുന്നില്ല. പരിശീലനം കഠിനമായപ്പോള്‍ ഞാനൊരു ഓഫീസറുടെ അടുത്തുചെന്ന് പരാതി പറയുകപോലുമുണ്ടായി. ‘ഇവിടെ നിങ്ങള്‍ ട്രെയിനി മാത്രമാണ്. നിങ്ങള്‍ക്ക് കിട്ടാന്‍ പോവുന്നത് ജവാന്റെ തൊട്ടുതാഴെയുള്ള റാങ്കാണ് അതുമാത്രം ഓര്‍ക്കുക’ എന്നാണ് അദ്ദേഹമപ്പോള്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ആ വാക്കുകളാണ് പിന്നീട് ഊര്‍ജമായത്.
ആ ഒരു മാസം കഴിഞ്ഞപ്പോഴാണ് മനസിലായത്, എന്റെ ജീവിതത്തില്‍ പ്രകടമായ മാറ്റം വരുത്താന്‍ ആ ട്രെയിനിംഗ് കാലഘട്ടത്തിന് കഴിഞ്ഞു എന്നത്. ജീവിതരീതിയുടെയും അച്ചടക്കത്തിന്റെയും മേഖലകളിലാണ് കൂടുതല്‍ ഉണര്‍വുണ്ടായത്. എന്സിസിസിയുടെ മോട്ടോയും അതുതന്നെയാണ്. Unity and Discipline. ആ Discipline യഥാര്‍ത്ഥത്തില്‍ എന്താണെന്ന് അറിഞ്ഞതും ജീവിതത്തില്‍ അത് പ്രയോഗിച്ച് തുടങ്ങിയതും ഈ ട്രെയിനിംഗിനുശേഷം മാത്രമായിരുന്നു.
പിന്നീട് രണ്ട് മാസത്തെ ട്രെയിനിംഗ് കൊച്ചിയിലെ നേവല്‍ ബേസിലെ സീമാന്‍ഷിപ്പ് സ്കൂളിലായിരുന്നു. അവിടെ, നേവല്‍ കമ്മ്യൂണിക്കേഷന്‍ പോലുള്ള കുറച്ചുകൂടി രസകരമായ വിഷയങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്. രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെയുള്ള ക്ലാസുകളില്‍ തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടുത്തിയിരുന്നു.
പാസിംഗ് ഔട്ട് പരേഡെന്ന ധന്യനിമിഷം
മൂന്നുമാസത്തെ പരിശീലനത്തിനും അവസാനം എഴുത്തുപരീക്ഷയ്ക്കും ശേഷമായിരുന്നു പാസിംഗ് ഒട്ട് പരേഡ്. പരേഡ് കഴിഞ്ഞ് റാങ്ക് സെറിമണി. ഞാനെന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനവും സന്തോഷവും തോന്നിയ നിമിഷം. ആ യൂണിഫോം തന്നെ ഞാനേറെ കൊതിച്ചിരുന്ന ഒന്നാണ്.
കാരണം ഒരു യൂണിഫോംഡ് ഓഫീസറാവുക എന്നത് ആഗ്രഹമായിരുന്നു. സിവില്‍ സര്‍വീസിന് രണ്ടുതവണ ശ്രമിച്ചിരുന്നു. പിന്നീട് അതിനുള്ള സാഹചര്യമൊത്തുമില്ല. എങ്കിലും സബ് ലഫ്റ്റനന്റ് എന്ന ഈ പദവിയിലൂടെ ആ ആഗ്രഹം കൂടിയാണ് പൂര്‍ത്തിയായത്.
ക്യാമ്പുകളിലെ അവശ്യഘടകവും നിറസാന്നിധ്യവും
ട്രെയിനിംഗിനുശേഷം യൂണിറ്റുകളിലേയ്ക്ക് മടങ്ങിവന്നു. ലക്ഷദ്വീപ് ഡയറക്ടറേറ്റ് എന്‍സിസിയാണ് കേരളത്തിലുള്ളത്. അതിന്റെ കീഴിലുള്ള തിരുവനന്തപുരം ഗ്രൂപ്പിന്റെ കീഴിലാണ് എംജി കോളജിന്റെ നേവല്‍ എന്‍സിസി വരുന്നത്. എന്‍സിസി ക്യാമ്പുകളും നേതൃത്വവും എന്റെ കോളജിലെ കുട്ടികളുടെ പരിശീലനവുമാണ് ഇപ്പോള്‍ പ്രധാനമായും നടത്തുന്നത്.
ലേഡി ANO ആയി ഞാന്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ നേവിയുടെ എന്ത് ക്യാമ്പായാലും വര്‍ഷാവര്‍ഷം നടത്തുന്ന പത്ത് ദിവസത്തെ ആനുവല്‍ ക്യാമ്പായാലും മുഴുവന്‍ സമയവും എന്റെ സാന്നിധ്യവും പങ്കാളിത്തവും ആവശ്യപ്പെടാറുണ്ട്. ഞാനത് സന്തോഷത്തോടെ ഏറ്റെടുക്കാറുമുണ്ട്. ഇതിനുപുറമേ കോളജിലെതന്നെ എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ നഗരശുചീകരണം പോലുള്ള സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന് അതേറെ പ്രയോജനകരമാണ്.
‘നേട്ടം എനിക്കുമാത്രമല്ല’
ട്രെയിനിംഗും സബ് ലഫ്റ്റനന്റ് പദവിയും കൊണ്ട് ഗുണമുണ്ടായത് എനിക്ക് മാത്രമല്ല. കോളജില്‍ ഞാന്‍ NCC ഓഫീസറായി ചാര്‍ജെടുത്തശേഷം ഇതുവരെ ആറ് കേഡറ്റ്സ് ഡല്‍ഹിയില്‍ റിപ്പബ്ലിക് ഡേ പരേഡില്‍ പങ്കെടുക്കുകയുണ്ടായി. അതില്‍തന്നെ അഞ്ചുപേര്‍ പെണ്‍കുട്ടികളായിരുന്നു എന്നത് സ്ത്രീയെന്ന നിലയിലുള്ള എന്റെ അഭിമാനം വര്‍ദ്ധിപ്പിക്കുന്നു. കേരളത്തില്‍ മറ്റൊരു കോളജിനും കൈവരിക്കാനാവാത്ത നേട്ടമാണിത്.
എനിക്ക് കിട്ടിയ ട്രെയിനിംഗ് ഉപയോഗിച്ച് കുട്ടികളെ പ്രചോദിപ്പിക്കാനും അതുവഴി കോളജിന്റെ പ്രശസ്തി ഉയര്‍ത്താനും സാധിക്കുന്നു എന്നതാണ് അഭിമാനകരമായ കാര്യം. മാത്രവുമല്ല, ഞങ്ങളുടെ കോളജില്‍ NCC കേഡറ്റ്സ് ആയിരുന്ന പല കുട്ടികളും ഡിഫന്‍സില്‍ വിവിധ തസ്തികകളില്‍ ജോലിയിലും പ്രവേശിക്കുന്നുണ്ട്.
സംശയിച്ചുനിന്ന നാളുകള്‍
ആദ്യം ഇങ്ങനെയൊരവസരം കിട്ടിയപ്പോള്‍ എനിക്ക് പറ്റുമോ എന്ന് സംശയമായിരുന്നു. കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നു. പിന്നീട് രണ്ടുംകല്‍പ്പിച്ച് ട്രെയിനിംഗില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. കൂടെയുണ്ടായിരുന്നവരെല്ലാം പുരുഷന്മാരായിരുന്നെങ്കിലും ആ സമയത്ത് യാതൊരുവിധ ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടില്ല.
പരിശീലനത്തിന്റെ നാളുകളില്‍ ഞാന്‍ ഒരു സ്ത്രീയാണെന്ന കാര്യം ഓര്‍ത്തുപോലുമില്ല എന്നതാണ് സത്യം. അതിന് കാരണം സ്ത്രീ പുരുഷ വ്യത്യാസമോ പരിഗണനയോ ഒരു കാര്യത്തിലും അവിടെ ഉണ്ടായിരുന്നില്ല എന്നതാണ്. അവര്‍ക്കെന്ത് ഡ്യൂട്ടിയുണ്ടോ അത് ഞാനും ചെയ്യണം. എന്റെ സാന്നിധ്യം അവരെയും അസ്വസ്ഥതപ്പെടുത്തിയില്ല എന്നും അറിയാന്‍ കഴിഞ്ഞു.
അറച്ചുനില്ക്കേണ്ടവളല്ല സ്ത്രീ
സ്ത്രീകള്‍ കൈവയ്ക്കാത്ത ഒരു മേഖലയും ഇന്നില്ല. സത്യം പറഞ്ഞാല്‍ സ്ത്രീ-പുരുഷന് എന്ന വേര്‍തിരിവ് വേണ്ട. സംവരണത്തിനോ മറ്റാനുകൂല്യങ്ങള്ക്കോവേണ്ടി ആരുടെയും കാലുപിടിക്കേണ്ട കാര്യവുമില്ല. നമ്മുടെ ജോലി ആത്മാര്‍ത്ഥമായും സത്യസന്ധമായും ചെയ്യുകയാണെങ്കില്‍ അംഗീകാരം തേടിയെത്തുക തന്നെ ചെയ്യും. അതില്‍ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല.
അര്‍ഹതപ്പെട്ട വിജയം ആരെക്കൊണ്ടും തടുക്കാന്‍ പറ്റില്ല. ഞാന്‍ സ്ത്രീയായതുകൊണ്ട് എനിക്കത് പറ്റില്ല എന്ന് ചിന്തിക്കാതിരിക്കുക. ബാക്കിയുള്ളതൊക്കെ തനിയെ നമ്മെ തേടിയെത്തിക്കൊള്ളും. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ എല്ലാകാര്യത്തിലും ആണ്‍കുട്ടികളേക്കാള്‍ ഒരുപടി മുന്നിലാണെന്നത് എടുത്തു പറയേണ്ടതുമാണ്.
പ്രിയയുടെ പ്രിയമുള്ള സ്വപ്നങ്ങള്‍
സബ് ലെഫ്റ്റനന്റ് റാങ്കില്‍ നിന്ന് കാലക്രമേണ വിവിധ ടെസ്റ്റുകളിലൂടെയും പരിശീലനത്തിലൂടെയും ഉയര്‍ന്ന പദവികളിലെത്തിച്ചേരാന്‍ സാധിക്കും. എങ്കിലും അതിനെല്ലാമുപരിയായി കുട്ടികള്‍ക്കായി എന്തെങ്കിലുമൊക്കെ ചെയ്യുക എന്നതാണെന്റെ സ്വപ്നവും ലക്ഷ്യവും.
കാരണം ഏതുരീതിയിലും വാര്‍ത്തെടുക്കാന്‍ സാധിക്കുന്ന പ്രായത്തിലുള്ള, ചുറുചുറുക്ക് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലുള്ള കുട്ടികളെയാണ് എന്റെ കൈയില്‍ കിട്ടുന്നത്. അവരെ ഏറ്റവും നല്ല രീതിയില്‍ പരിശീലിപ്പിച്ചെടുക്കുക എന്നത് ആവശ്യമാണ്.
NCC യുടെ ലക്ഷ്യംതന്നെ പ്രതിരോധമേഖലയെക്കുറിച്ച് യുവതീയുവാക്കള്‍ക്ക് അവബോധം കൊടുക്കുക എന്നതാണല്ലോ. അതുകൊണ്ട് ഞാന്‍ പഠിച്ചതും നേടിയതുമായ കാര്യങ്ങള്‍ കുട്ടികളടെ ജീവിത രൂപീകരണത്തിനായി പ്രയോജനപ്പെടുത്തുക എന്നതാണ് ആഗ്രഹം. അതിനായാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നതും.
പിന്തുണ, കുടുംബവും കോളജും
കോളജ് മാനേജ്മെന്റും സഹപ്രവര്‍ത്തകരും നല്കിയ പിന്തുണ പറഞ്ഞറിയിക്കാനാവാത്തതാണ്. വാര്‍ഷിക ക്യാമ്പുകളിലും ഇടയ്ക്കിടെ നടത്തുന്ന മറ്റ് ക്യാമ്പുകളിലും പങ്കെടുക്കാന്‍ എനിക്കവര് അനുവാദവും പ്രോത്സാഹനവും നല്‍കുന്നുണ്ട്. എല്ലാത്തിനുമുപരിയായി കുടുംബത്തിന്റെ പിന്തുണയാണ് എന്നെ നയിക്കുന്നത്. ഭര്‍ത്താവ് ജലേഷ് കെഎസ്ഇബി ഉദ്യോഗസ്ഥനാണ്. മകള്‍ നന്ദന ഒമ്പതാം ക്ലാസിലും മകന് നവനീത് യുകെജിയിലും പഠിക്കുന്നു.