ആലപ്പുഴ: നഗരത്തിലെ ഏറ്റവും നീളം കൂടിയ കൈത്തോടായ ഷഡാമണി തോട് ജൈവ അജൈവ മാലിന്യങ്ങളാൽ നിറഞ്ഞു. നഗരത്തിന്റെ തെക്കൻമേഖലകളിലെ വാർഡുകളിലൂടെ ഒഴുകി കൊട്ടാരത്തോട്ടിൽ പതിക്കുന്ന ഷഡാമണിതോട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ഹോട്ടലുകളിൽ നിന്നുള്ള മാലിയന്യങ്ങളും ആഘോഷ വേളകളിൽ നിന്നുള്ള ഭക്ഷണ മാലിന്യങ്ങളുമടക്കമാണ് കുന്നുകൂടിയിരിക്കുന്നത്.
തിരുവാന്പാടിയിൽ നിന്നാരംഭിച്ച് ഇരവുകാട്, ഗുരുമന്ദിരം, വലിയമരം, സ്റ്റേഡിയം, എം.ഒ വാർഡ്, പാലസ് വാർഡുകളിലൂടെ ഒഴുകിയാണ് ഷഡാമണി തോട് കൊട്ടാരത്തോട്ടിൽ അവസാനിക്കുന്നത്. നഗരത്തിന്റെ തെക്കൻമേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ ജലം മഴക്കാലത്ത് ഒഴുക്കിക്കളയുന്നതിനായി പതിറ്റാണ്ടുകൾക്ക് മുന്പ് നിർമിച്ച തോട് കൃത്യമായി വൃത്തിയാക്കുന്ന കാര്യത്തിൽ നഗരസഭയും ജനപ്രതിനിധികളുമെല്ലാം ഏറെ ശ്രദ്ധിച്ചിരുന്നെങ്കിലും സമീപകാലത്ത് തോട് ശുചീകരണം കടലാസിലൊതുങ്ങിയതാണ് ഷഡാമണി തോടിന്റെ ഈ ശോചനീയാവസ്ഥയ്ക്ക് കാരണം.
തോട് മുറിച്ചുകടക്കുന്ന ചെറുതും വലുതുമായ കലുങ്കുകൾക്ക് ഇരുവശവും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അടിഞ്ഞുകൂടി ജലമൊഴുക്കുതന്നെ നിലയ്ക്കുന്ന അവസ്ഥയിലായിട്ടും തോട് ശുചീകരിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടിലെന്നാണ് ജനങ്ങളുടെ പരാതി. തോടിന് കുറുകെയുള്ള തിരുവാന്പാടി- ബീച്ച് റോഡിലെ കലുങ്ക്, ഗോൾഡൻ ഫാക്ടറി കലുങ്ക്, ഇരുന്പ് പാലത്തിന് തെക്കുവശമുള്ള കലുങ്ക് എന്നിവിടങ്ങളിൽ മാലിന്യക്കൂന്പാരം തന്നെ രൂപപ്പെട്ടിട്ടുണ്ട്.
ഇരുന്പുപാലത്തിന് തെക്കുഭാഗത്തുകൂടി എം.ഒ. വാർഡിൽ നിന്നും പാലസ് വാർഡിലേക്ക് ഒഴുകിയെത്തുന്ന തോട് ഇപ്പോൾ ഏതാണ്ട് പൂർണമായും നികന്ന നിലയിലാണ്. തോട്ടിൽ വലിയ വൃക്ഷങ്ങൾ വളർന്നെങ്കിലും തോട് ശുചീകരിച്ച് സുഗമമായി ജലം ഒഴുകിപ്പോകുന്നതിനുള്ള നടപടി നഗരസഭയുടെ ഭാഗത്തുനിന്നും ഇതുവരെയുണ്ടായിട്ടില്ല.
കഴിഞ്ഞ മഴക്കാലത്ത് ഓരോ നഗരസഭാ വാർഡിലേയും ജലനിർഗമന മാർഗങ്ങൾ ശൂചീകരിക്കുന്നതിനായി ഓരോ ലക്ഷം അനുവദിച്ചിരുന്നു. രേഖകളിൽ പണം ചെലവഴിച്ചെങ്കിലും ഷഡാമണി തോട് അടക്കമുള്ള നഗരത്തിലെ കൈത്തോടുകൾ ഇപ്പോഴും രാജ്യത്തെ തന്നെ മികച്ച ശുചിത്വ നഗരസഭയ്ക്കുള്ള പുരസ്ക്കാരം നേടിയ ആലപ്പുഴ നഗരസഭ ഭരണാധികാരികൾക്കുനേരെ ചോദ്യചിഹ്നമായി നിൽക്കുകയാണ്.