മംഗലംഡാം: കൈക്കൂലി വേണ്ട, ശിപാർശവേണ്ട എന്നൊക്കെ പ്രസംഗിച്ച് മന്ത്രിമാർക്ക് ആളുകളുടെ കൈയടി നേടാം. പക്ഷെ കാര്യം നടക്കണമെങ്കിൽ ഓഫീസിലുള്ളവരെയും രാഷ്ട്രീയപാർട്ടിക്കാരെയും വേണ്ടവിധം കണ്ടില്ലെങ്കിൽ വികസനമെല്ലാം ഫയലിൽ ഒതുങ്ങും. കടപ്പാറയിൽനിന്നും വനത്തിനകത്തെ തളികകല്ല് ആദിവാസി കോളനിയിലേക്കുള്ള റോഡുനിർമാണമാണ് കാണേണ്ടവരെ വേണ്ടവിധം കാണാത്തതിനാൽ വൈകുന്നത്.
മൂന്നരകിലോമീറ്ററോളം വരുന്ന റോഡിന്റെ 90 ശതമാനം പ്രവൃത്തികളും കരാറുകാരൻ പൂർത്തിയാക്കിയെങ്കിലും 20 ലക്ഷത്തോളം രൂപ മാത്രമാണ് കരാറുകാരന് നല്കിയിട്ടുള്ളത്. രണ്ടുകോടി ഇരുപതുലക്ഷം രൂപയാണ് കാടിനുള്ളിലൂടെ ടൈൽസ് വിരിച്ചും കോണ്ക്രീറ്റ് ചെയ്തും നിർമിക്കുന്ന റോഡിനായി നബാർഡ് അനുവദിച്ചിട്ടുള്ളത്. ഈ ഫണ്ട് കൈമാറിയിട്ടുമുണ്ട്.
എന്നാൽ തുടർന്നുള്ള ഓഫീസുകളിൽനിന്നും ബന്ധപ്പെട്ട പേപ്പറുകൾ നീങ്ങാത്തതിനാൽ കരാറുകാരന് ഫണ്ട് ലഭിക്കാൻ കഴിയുന്നില്ല. പൊതുമരാമത്ത് ഓഫീസിൽനിന്നാണ് പേപ്പറുകളുടെ മൂവ്മെന്റിന് പ്രധാന തടസം നേരിടുന്നത്.
പൊതുമരാമത്ത് വകുപ്പിൽനിന്നും ഫിനാൻഷ്യൽ ഓഫീസിലേക്ക് കൈമാറി, പിന്നീട് പട്ടികവർഗ വകുപ്പിലെത്തിയാണ് പണികൾ നടത്തുന്ന കിറ്റ്കോയിൽ എത്തുക. കിറ്റ്കോയും കരാറുകാരനും തമ്മിലാണ് ബന്ധം.
കൈക്കൂലി നല്കി റോഡുപണി നടത്തുന്ന സംവിധാനം ഈ സിസ്റ്റത്തിലില്ല. ഇതിനാൽ തന്നെയാണ് എട്ടുമാസംകൊണ്ട് പൂർത്തിയാകുമായിരുന്ന റോഡുനിർമാണം രണ്ടുവർഷം കഴിഞ്ഞിട്ടും ശേഷിക്കുന്നത്. ഇതിനിടെ റോഡുപണി നടക്കാതിരിക്കാൻ പലരും പണിയെടുത്തെങ്കിലും അത് നടന്നില്ല.
പണം കൈമാറിയ പദ്ധതിയുടെ ആദ്യഗഡു നല്കാൻ തന്നെ ഒരുവർഷമെടുത്തു. രണ്ടാഴ്ചകൊണ്ട് പാസാക്കി അയയ്ക്കേണ്ട പേപ്പർവർക്കുകളും ബില്ലുകളും ഒരുവർഷം വൈകിയാണ് തുടർനടപടികളിലേക്ക് നീങ്ങുന്നത്.
എന്നാൽ കാണേണ്ടവരെ കണ്ടുനീങ്ങുന്ന വർക്കുകൾക്ക് ഇത്തരം കടന്പകളൊന്നും ഇല്ലെന്നതാണ് വസ്തുത. റോഡുപണിക്കോ പാലംപണിക്കോ എസ്റ്റിമേറ്റ് തയാറാക്കുന്പോൾ വിവിധ വകുപ്പുദ്യോഗസ്ഥർക്കുള്ള കൈക്കൂലി തുകകൂടി കൂട്ടി എസ്റ്റിമേറ്റ് തുക വർധിപ്പിക്കണമെന്നാണ് കരാറുകാർ പറയുന്നത്.
തളികകല്ല് ആദിവാസികോളനി റോഡിൽ ഇനി ശേഷിക്കുന്നത് പോത്തംതോടിനു കുറുകേ പാലവും ഇരുന്നൂറു മീറ്ററിലെ കോണ്ക്രീറ്റിംഗും മാത്രമാണ്. ഫണ്ട് ലഭിച്ചാൽ രണ്ടരമാസംകൊണ്ട് പാലം നിർമിച്ച് മഴക്കാലത്തിനുമുന്പ് റോഡ് തുറന്നുകൊടുക്കാനാകുമെന്നാണ് കരാറുകാരൻ പറയുന്നത്.
അനുവദിച്ച ഫണ്ട് കൈമാറാൻ വൈകുന്നതു സംബന്ധിച്ച് നിഷ്പക്ഷമായ പരിശോധന നടത്തിയാൽ തടസങ്ങൾ പുറത്തുവരുമെന്നാണ് ആദിവാസികൾ ചൂണ്ടിക്കാട്ടുന്നത്. അടുത്ത മഴക്കാലമെങ്കിലും റോഡ് വാഹനഗതാഗതത്തിന് യോഗ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.