ഒറ്റപ്പാലം: നഗരസഭാ ബസ് സ്റ്റാൻഡിൽ പൊരിവെയിലത്ത് വിദ്യാർഥികളെ കയറ്റാതെ നിർത്തിയിട്ട ബസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥികളുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോയും വാർത്തയും സോഷ്യൽ മീഡിയയിലും പത്രത്തിലും വന്നിരുന്നു. ഇതേ തുടർന്നാണ് ഒറ്റപ്പാലം ജോയിന്റ് ആർടിഒ അനൂപ് വർക്കിയുടെ നേതൃത്വത്തിൽ ഒറ്റപ്പാലം-പാലക്കാട് റൂട്ടിലോടുന്ന ശ്രീകൃഷ്ണ ബസിനെതിരേയാണ് നടപടിയെടുത്തത്.
ബസ് കസ്റ്റഡിയിലെടുത്തശേഷം കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വിദ്യാർഥികളെ കയറ്റാത്ത സ്വകാര്യബസുകൾക്കെതിരേ കർശനനടപടി ആരംഭിച്ചതായി ജോയിന്റ് ആർടിഒ അനൂപ് വർക്കി അറിയിച്ചു.
മേൽപറഞ്ഞ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തിരനടപടി സ്വീകരിക്കുന്നതിനൊപ്പം പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പരാതി അറിയിക്കാൻ സംവിധാനമൊരുക്കുമെന്നും ഇക്കാര്യങ്ങൾ അറിയിച്ചുള്ള ബോർഡുകൾ സ്ഥാപിക്കുമെന്നും അനൂപ് വർക്കി അറിയിച്ചു.
ഇപ്പോഴത്തെ സ്ഥിതിയിൽ ബസുകൾ പുറപ്പെടുന്നതിനു തൊട്ടുമുന്‍പു മാത്രമാണ് വിദ്യാർഥികൾക്ക് ബസ് കയറാൻ അനുമതിയുള്ളത്. അതുവരെ കുട്ടികൾ ബസിനു പുറത്ത് വെയിലും മഴയുമേറ്റ് നില്‍ക്കേണ്ട സ്ഥിതിയാണ്. സ്വകാര്യബസുകളുടെ ക്രൂരതയ്ക്കെതിരേ വ്യാപക ആക്ഷേപം ഉയർന്നിട്ടും ഇതിനെതിരേ നടപടിയൊന്നും ഉണ്ടായില്ല. എന്നാൽ കഴിഞ്ഞദിവസം ഫോട്ടോസഹിതം സോഷ്യൽ മീഡിയകളിൽ വാർത്ത വന്നതോടെയാണ് സംഭവം വിവാദമായത്.
മുഴുവൻ നിരക്കും നല്കി യാത്രചെയ്യുന്നവർ ബസിൽ കയറിയശേഷം മാത്രമേ കണ്സഷൻ നിരക്കുകാരായ വിദ്യാർഥികളെ കയറാൻ അനുമതിയുള്ളൂ. വരുംദിവസങ്ങളിൽ നടപടി കൂടുതൽ ശക്തമാക്കുമെന്നും ജോയിന്റ് ആർടിഒ മുന്നറിയിപ്പുനല്‍കി.