പട്യാല: പറഞ്ഞുറപ്പിച്ച പ്രതിഫലം കിട്ടുന്നില്ലെന്ന ഇന്ത്യന്‍ ജാവലിന്‍ ത്രോ പരിശീലകന് ഉവേ ഹോണിന്റെ പരാതിയോടു മുഖം തിരിച്ച് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ.
ഹോണിന് തങ്ങള്‍ പരമാവധി പിന്തുണ നല്‍കുന്നുണ്ടെന്നും കരാറില്‍ ഏര്‍പ്പെട്ട് ആറു മാസത്തിനുള്ളില്‍ തന്നെ ഇത്തരം പരാതികള്‍ ഉയര്‍ത്തുന്നത് എന്തു കൊണ്ടാണെന്നു മനസിലാകുന്നില്ലെന്നും അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ സെക്രട്ടറി സി.കെ വത്സന് ദീപികയോടു പറഞ്ഞു. ഹോണിന് എടുത്തു പറയത്തക്ക പ്രകടന മികവൊന്നും കാണിക്കാനായിട്ടില്ലെന്നാണ് എഎഫ്ഐ സെക്രട്ടറി പറയുന്നത്.
ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാത്തതു കൊണ്ട് ജാവലിന്‍ ത്രോ പരിശീലകനും ലോക റിക്കാര്‍ഡിന് ഉടമയുമായ ജര്‍മന്‍ പരിശീലകന് ഇന്ത്യ വിടാനൊരുങ്ങുന്ന വിവരം ഇന്നലെ ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജാവലിന്‍ ത്രോയില്‍ ഇതുവരെ ആരും മറികടന്നിട്ടില്ലാത്ത 100 മീറ്റര്‍ ദൂരത്തില്‍ കൂടുതല്‍ എറിഞ്ഞു ലോക റിക്കാര്‍ഡിന് ഉടമയാണ് ഉവേ ഹോണ്‍.
ശമ്പള വര്‍ധനവ് ആവശ്യപ്പെടുന്നതിന് മുന്‍പ് എടുത്തു പറയത്തക്ക നേട്ടങ്ങളുണ്ടാക്കണമെന്നാണ് എഎഫ്ഐ അധികൃതര്‍ പറയുന്നത്. കോമണ്‍വെല്‍ത്ത് യോഗ്യത നേടിയ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര ഹോണിന്റെ കീഴില്‍ പരിശീലനം നടത്തുന്നതില്‍ നിന്നു മാറിയിരുന്നു.
വനിതാ വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച അന്നു റാണി സ്വന്തം കോച്ചായ കാശിനാഥ് നായിക്കിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. ഇന്ത്യന്‍ ക്യാമ്പിലെ മറ്റൊരു മികച്ച താരമായ ദേവീന്ദര്‍ സിംഗ് കാംഗ് മരുന്നു പരിശോധനയില്‍ പിടിക്കപ്പെട്ടതും ഹോണിന്റെ പിടിപ്പുകേടായാണ് എഎഫ്ഐ വിലയിരുത്തുന്നത്.
തന്റെ കീഴില്‍ പരിശീലനം നടത്തി വന്നിരുന്ന ഹരിയാന താരം സാഹില്‍ സില്‍വാള്‍ 80 മീറ്റര്‍ ദൂരം എറിഞ്ഞ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നായിരുന്നു ഹോണ്‍ പറഞ്ഞിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവം ഫെഡറേഷന് കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ സാഹിലിന്റെ പ്രകടനം 73.64 മീറ്റര്‍ മാത്രമായിരുന്നു.
ഇന്ത്യന്‍ ക്യാമ്പിലെ മികച്ച താരങ്ങളോടു ഹോണിന്റെ കീഴില്‍ മാത്രമേ പരിശീലനം നടത്താവു എന്ന് തങ്ങള്‍ക്ക് നിര്‍ബന്ധിക്കാനാകില്ലെന്നാണ് സി.കെ വത്സന് പറഞ്ഞത്. താരങ്ങളുടെ മികച്ച പ്രകടനങ്ങളിലൂടെയാണ് എഎഫ്ഐ പരിശീലകരെയും വിലയിരുത്തുന്നത്. ഹോണ്‍ ഈ സമയത്ത് ഇത്തരം പരാതികള്‍ ഉയര്‍ത്തുന്നതില്‍ കാര്യമില്ല. പ്രതിഫലം സംബന്ധിച്ചുള്ള പരാതികള്‍ കരാര്‍ ഒപ്പിടുന്ന സമയത്ത് പറയേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് ജാവലിന്‍ പരിശീലകനായിരുന്ന ഓസ്ട്രേലിയക്കാരന് ഗാരി കാല്‍വര്‍ട്ട് 2016 ഫെബ്രുവരിയിലാണ് എഎഫ്ഐയില്‍ എത്തുന്നത്. ആ വര്‍ഷം നടന്ന ജൂണിയർ ഗ്ലോബല്‍ മീറ്റില്‍ നീരജ് ചോപ്ര 86.48 മീറ്റര്‍ എറിഞ്ഞ് റിക്കാര്‍ഡിട്ടപ്പോള്‍ കാല്‍വര്‍ട്ട് പ്രതിഫലം കൂട്ടി ചോദിച്ചു. എന്നാല്‍, എഎഫ്ഐ ഇതു പരിഗണിക്കാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ ഗാല്വര്ട്ട് ഇന്ത്യ വിട്ടു പോകുകയായിരുന്നു.
2020 ടോക്കിയോ ഒളിമ്പിക്സ് വരെയാണ് ഇന്ത്യന്‍ ക്യാമ്പില്‍ ഹോണിന്റെ കരാര്‍. നിലവില്‍ പ്രതിമാസം 7500 ഡോളറാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം. അന്താരാഷ്ട്ര പരിശീലകരുടെ പ്രതിഫലത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ 5000 ഡോളര്‍ കൂടി വര്‍ധിപ്പിക്കണമെന്നാണ് ഹോണിന്റെ ആവശ്യം.
ഇതിനു പുറമേ ഇന്ത്യന്‍ ക്യാമ്പില്‍ പരിശീലനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു പലവട്ടം ആവശ്യപ്പെട്ടിട്ടും എഎഫ്ഐ പരിഗണിക്കുന്നില്ലെന്നുമാണ് ഹോണിന്റെ പരാതി. എന്തായാലും ഇന്ത്യ വിടുന്ന കാര്യം കോമണ്‍വെല്‍ത്ത് ഗെയിംസിന് ശേഷം തീരുമാനിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞത്.
സെബി മാത്യു