മുംബൈ: കടക്കെണിയിൽപ്പെട്ട ഭൂഷൺ സ്റ്റീൽസിനെ ടാറ്റാ സ്റ്റീൽ ഏറ്റെടുക്കും. 24,200 കോടി രൂപയാണ് ഇതിനായി ടാറ്റാ സ്റ്റീൽ മുടക്കുക. ജിൻഡൽ ഗ്രൂപ്പിന്റെ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ഓഫറിനേക്കാൾ മെച്ചമായതുകൊണ്ടാണ് വായ്പാദാതാക്കളുടെ സമിതി ടാറ്റാ സ്റ്റീലിനെ തെരഞ്ഞെടുത്തത്. നാഷണൽ കന്പനി ലോ ട്രൈബ്യൂണൽ ഈ ശിപാർശ അംഗീകരിക്കുമെന്നാണു പ്രതീക്ഷ.
44,478 കോടി രൂപയുടെ കടമുള്ള ഭൂഷൺ സ്റ്റീൽസ് റിസർവ് ബാങ്ക് കണ്ടെത്തിയ 12 വലിയ കിട്ടാക്കട കന്പനികളിൽ ഒന്നാണ്. പുതിയ പാപ്പർ നിയമം (ഐബിസി-ഇൻസോൾവൻസി ആൻഡ് ബാങ്ക് റപ്റ്റസി കോഡ്) അനുസരിച്ച് പരിഹാരം കാണുന്ന ആദ്യ വലിയ കന്പനിയുമാണിത്.
വാഹനങ്ങൾക്കാവശ്യമായതരം സ്റ്റീൽ ഉത്പന്നങ്ങൾ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കന്പനിയാണ് 120 ലക്ഷം ടൺ ശേഷിയുള്ള ഭൂഷൺ സ്റ്റീൽസ്. രാജ്യത്ത് 130 ലക്ഷം ടണ്ണും വിദേശത്ത് 145 ലക്ഷം ടണ്ണും ശേഷിയുണ്ട് ടാറ്റാ സ്റ്റീലിന്.
കാർ നിർമാണ കന്പനികൾക്കു വേണ്ട കോൾഡ് റോൾഡ് സ്റ്റീൽ നിർമിക്കുന്ന പ്ലാന്റുകൾ കിട്ടും എന്നതാണ് ഭൂഷൺ സ്റ്റീലിനെ ഏറ്റെടുക്കുന്നതിൽ ടാറ്റായ്ക്കുള്ള നേട്ടം. രാജ്യത്തെ ഏറ്റവും വലിയ സ്റ്റീൽ നിർമാണ കന്പനിയായി മാറാനും ടാറ്റാ സ്റ്റീലിനു കഴിയും.
ഭൂഷൺ സ്റ്റീൽസിന്റെ വായ്പാദാതാക്കൾക്ക് 17,000 കോടി രൂപ ടാറ്റാ സ്റ്റീൽ നല്കും. 7,200 കോടി രൂപ ഭൂഷൺ സ്റ്റീൽസിന്റെ പ്രവർത്തനത്തിനായി മുടക്കും. ജെഎസ്ഡബ്ല്യു സ്റ്റീൽ വായ്പാദാതാക്കൾക്ക് 11,000 കോടിയാണു വാഗ്ദാനം ചെയ്തത്.
പാപ്പർ നടപടിക്രമത്തിലുള്ള ബിനാനി സിമന്റിനെ ഡാൽമിയ ഭാരത് കന്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഏറ്റെടുക്കും. വാഹനഘടകങ്ങൾ നിർമിക്കുന്ന ആംടെക് ഓട്ടോയെ ബ്രിട്ടൻ ആസ്ഥാനമായുള്ള നിക്ഷേപ ഗ്രൂപ്പ് ലിബർട്ടി ഹൗസ് ഏറ്റെടുക്കുമെന്നാണു സൂചന.