ന്യൂഡൽഹി: കേരളത്തിൽനിന്നുള്ള എഐസിസി അംഗങ്ങളുടെ പട്ടികയിൽ മുതിർന്ന നേതാവ് വി.എം സുധീരന് അതൃപ്തി. പട്ടികയിൽ ഉൾപ്പെട്ടത് അനർഹരാണെന്ന് സുധീരൻ ആരോപിച്ചു. ഈ പട്ടികയിൽ തുടരാൻ താൻ ഇല്ലെന്നും അദ്ദേഹം രാഷ്ട്രീയകാര്യസമിതിയോഗത്തിൽ അറിയിച്ചു.
രാഷ്ട്രീയകാര്യസമിതിയിൽ മറ്റൊരു നേതാവ് പി.സി ചാക്കോയും പൊട്ടിത്തെറിച്ചു. രാഷ്ട്രീയകാര്യസമിതിയിൽ ഏകപക്ഷീയമായാണ് തീരുമാനങ്ങളുണ്ടാവുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. രാഷ്ട്രീയകാര്യസമിതിയോഗത്തിലേക്ക് ഇനി താനില്ലെന്നും ചാക്കോ പറഞ്ഞു.
കേരളത്തിൽനിന്നുള്ള എഐസിസി അംഗങ്ങളുടെ പട്ടികയ്ക്ക് ഹൈക്കമാൻഡിന്റെ അംഗീകാരം ലഭിച്ചതിനു പിന്നാലെയാണ് സുധീരൻ തുറന്നപോരുമായി രംഗത്തുവന്നത്. 65 പേരുടെ പട്ടികയ്ക്കാണ് അംഗീകാരം ലഭിച്ചത്. പട്ടികയിൽ 13 വനിതകൾ ഉൾപ്പെടുന്നു.
കോണ്ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഒരാഴ്ചമാത്രം ശേഷിക്കേയാണ് പട്ടികയ്ക്കു ഹൈക്കമാൻഡ് അംഗീകാരം നൽകുന്നത്. ഈ മാസം പതിനാറിനാണ് ഡൽഹി യിൽ എഐസിസി പ്ലീനറി സമ്മേളനം തുടങ്ങുക.
നേരത്തെ, കേരളത്തിൽനിന്നുള്ള എഐസിസി അംഗങ്ങളുടെ ജംബോ പട്ടിക കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തള്ളിയിരുന്നു. തലമുറമാറ്റം പ്രതിഫലിക്കാതെ സ്ഥിരം മുഖങ്ങളെ മാത്രം ഉൾപ്പെടുത്തിയതാണു പട്ടിക തള്ളാൻ കാരണം.