തിരുവനന്തപുരം: തൊഴിലാളി ദിനമായ മേയ് ഒന്നിനു കേരളത്തിൽ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാൻ തീരുമാനം. തൊഴിലാളി സംഘടനകൾ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും മേയ് ഒന്നിന് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിൽ ധാരണയായി.
സംസ്ഥാനതല യോഗത്തിന്റെ തുടർച്ചയായി മേയ് ഒന്നിനു മുൻപു എല്ലാ ജില്ലയിലും കളക്ടർമാർ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചുചേർക്കും. നോക്കുകൂലി അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനു കേന്ദ്ര ട്രേഡ് യൂണിയനുകൾ പൂർണ പിന്തുണ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവും അവസാനിപ്പിക്കുമ്പോൾ തന്നെ, യന്ത്രവത്കരണത്തിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് എന്തു ചെയ്യാൻ പറ്റുമെന്ന് സർക്കാർ ആലോചിക്കും. പുതിയ സ്ഥാപനം തുടങ്ങുമ്പോഴും പദ്ധതികൾ വരുമ്പോഴും കഴിവ തും അതത് പ്രദേശത്തെ തൊഴിലാളികൾക്കു തൊഴിൽ ലഭിക്കണമെന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തൊഴിലാളി സംഘടനകൾ പ്രശ്നങ്ങൾ ഉണ്ടാക്കിയതുകൊണ്ടു കേരളത്തിൽ ഒരു ദശാബ്ദത്തിനിടെ ഒരു വ്യവസായവും തടസപ്പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് വ്യവസായികൾക്കും പരാതിയില്ല. എന്നാൽ, കേരളത്തെക്കുറിച്ചുളള പൊതു പ്രതിച്ഛായ ഇതല്ല. നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവുമാണ് കേരളത്തിന്റെ തൊഴിൽ മേഖലയുടെ പ്രതിച്ഛായ മോശമാക്കിയത്.
ഒരു കേന്ദ്ര ട്രേഡ് യൂണിയനും ഇത് അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തിൽ ഈ ദുഷ്പ്രവണത തുടരുകയാണ്. അത് തീർത്തും അവസാനിപ്പിക്കാനുളള ശ്രമമാണു സർക്കാർ നടത്തുന്നത്. എല്ലാ തൊഴിലാളി സംഘടനകളും ഇക്കാര്യത്തിൽ സഹകരിക്കണം. കൂട്ടായ ശ്രമത്തിനു ഫലമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ സംഘടനാ നേതാക്കൾ സർക്കാർ നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
യോഗത്തിൽ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ, ആനത്തലവട്ടം ആനന്ദൻ, കെ. ചന്ദ്രൻപിളള (സിഐടിയു), ആർ. ചന്ദ്രശേഖരൻ, വർക്കല കഹാർ (ഐഎൻടിയുസി), കെ.എസ്. ഇന്ദുശേഖരൻ നായർ (എഐടിയുസി), ജി. മാഹിൻ അബൂബക്കർ (എസ്ടിയു), ജി. സുഗുണൻ (എച്ച്എംഎസ്), ജി.കെ. അജിത്, ശിവജി സുദർശൻ (ബിഎംഎസ്) ഏഴുകോണ് സത്യൻ (കെടിയുസി-ജെ), വിനോബ താഹ (യുടിയുസി), സോണിയ (സേവ), ലേബർ കമ്മീഷണർ എ. അലക്സാണ്ടർ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവർ പങ്കെടുത്തു.