ന്യൂഡൽഹി: തുറിച്ചുനോക്കരുത് ഞങ്ങൾക്ക് മുലയൂട്ടണമെന്ന മലയാളം വനിതാ മാഗസിന്റെ കവർ വിമർശനങ്ങൾക്കു വിധേയമാകുമ്പോൾ 1984 ലെ കേന്ദ്രസർക്കാരിന്റെ പോസ്റ്റൽ സ്റ്റാമ്പ് വീണ്ടും ശ്രദ്ധേയമാവുന്നു. മറയില്ലാതെ കുഞ്ഞിന് മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രമാണ് 1984 ൽ പുറത്തിറങ്ങിയ പോസ്റ്റൽ സ്റ്റാമ്പിലുള്ളത്.
കുഞ്ഞുങ്ങൾക്കു മൂലയൂട്ടുന്നതിന്റെ പ്രാധാന്യം പ്രതിപാദിക്കുന്നതായിരുന്നു സ്റ്റാമ്പിലെ അമ്മയുടേയും കുഞ്ഞിന്റെയും ചിത്രം. മൂന്നു ദശാബ്ദങ്ങൾക്കു പിന്നിൽ ഈ പ്രമേയമുള്ള സ്റ്റാമ്പ് ഇന്ത്യൻ പോസ്റ്റൽ സർവീസ് വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാൽ അക്കാലത്ത് ഇത് വിമർശനങ്ങൾക്കു വിധേയമായിരുന്നില്ല.
ഇന്ത്യ മാത്രമല്ല ഇത്തരത്തിലുള്ള പോസ്റ്റൽ സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. ഗ്രീസ്, ഫ്രാൻസ്, ഇറാൻ, മ്യാൻമർ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളും മുലയൂട്ടുന്ന ചിത്രമുള്ള സ്റ്റാമ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. മലയാളം വനിതാ മാഗസിന്റെ കവർ ചിത്രമായി മോഡൽ ജിലു ജോസഫായിരുന്നു. ഇവർക്കെതിരെ വ്യാപക ആക്ഷേപമാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.