റെനീഷ് മാത്യു
കണ്ണൂർ: കേരളത്തിൽ നിന്നും സമർപ്പിച്ച എഐസിസി അംഗങ്ങളുടെ പട്ടികയിൽ കോൺഗ്രസിന്റെ പ്രമുഖരായ വനിതാ നേതാക്കളെ ഒഴിവാക്കിയതായി ആക്ഷേപം. കോൺഗ്രസിന്റെ വനിതാ നേതാക്കൾ ഇതിനെതിരേ ദേശീയ നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ആണ് പട്ടിക കഴിഞ്ഞ ദിവസം കേന്ദ്രനേതൃത്വത്തിനു കൈമാറിയത്.
പട്ടികയിൽ ആകെ 65 പേരാണുള്ളത്. ഇവരിൽ 13 പേർ വനിതകളാണ്. എന്നാൽ കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിൻസെന്റ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ വത്സല പ്രസന്നകുമാർ, സുമാ ബാലകൃഷ്ണൻ എന്നിവരെ എഐസിസി ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണ് പ്രതിഷേധം ശക്തമാകുന്നത്. പട്ടികയിൽ ഇവരുടെ പേരുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നു.
കോൺഗ്രസിന്റെ മുതിർന്ന വനിതാ നേതാക്കളെ ഒഴിവാക്കപ്പെട്ടതിലുള്ള അതൃപ്തി മുകുൾ വാസ്നികിനെ അറിയിച്ചിട്ടുണ്ട്. സുമാ ബാലകൃഷ്ണൻ നിലവിൽ എഐസിസി അംഗവും കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള നേതാവുമാണ്. കെപിസിസി വൈസ് പ്രസിഡന്റ് എഐസിസി അംഗമാകണമെന്ന വ്യവസ്ഥയുള്ളപ്പോൾ ലാലി വിൻസെന്റിനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിലും ആക്ഷേപം ഉണ്ട്.
കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താനെയും പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹൈക്കമാൻഡ് അംഗീകരിച്ച എഐസിസി പട്ടികയിൽ അതൃപ്തി അറിയിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ പി.സി. ചാക്കോയും വി.എം.സുധീരനും രംഗത്ത് എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, ഇപ്പോഴത്തെ പ്രസിഡന്റ് എം.എം. ഹസൻ എന്നിവർ ഒന്നിച്ചിരുന്നാണ് പട്ടികയ്ക്ക് അന്തിമ രൂപം നൽകിയത്.
വനിതാ, യുവജന പ്രാതിനിധ്യം ഉറപ്പു വരുത്തിയായിരുന്നു പട്ടിക പുറത്തിറക്കിയിരിക്കുന്നത്. കെപിസിസി അംഗങ്ങളുടെ പട്ടിക തയാറാക്കിയതിൽ നേരത്തെ വ്യാപക പരാതി ഉയർന്നതിനാൽ അതീവ രഹസ്യമായാണ് നേതൃത്വം എഐസിസി പട്ടിക തയാറാക്കിയത്. പ്ലീനറി സമ്മേളനം മാർച്ച് 16 മുതൽ 18 വരെ ഡൽഹിയിൽ നടക്കുന്നതിനു മുന്നോടിയായാണു സംസ്ഥാനങ്ങളിൽനിന്നുള്ള എഐസിസി അംഗങ്ങളുടെ പട്ടിക തയാറാക്കുന്നത്.
കേരളത്തിൽ നിന്നും സമർപ്പിച്ച എഐസിസി അംഗങ്ങളുടെ പട്ടിക
എ.കെ. ആന്റണി, എം.എം. ഹസൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ, കെ. മുരളീധരൻ, കെ.സി. വേണുഗോപാൽ, പി.ജെ. കുര്യൻ, പി.സി. ചാക്കോ, മുല്ലപ്പള്ളി രാമചന്ദ്രൻ, വയലാർ രവി, ശശി തരൂർ, കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, എം.ഐ. ഷാനവാസ്, ആന്റോ ആന്റണി, എം.കെ. രാഘവൻ, ആര്യാടൻ മുഹമ്മദ്, തന്പാനൂർ രവി, കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ്, ബെന്നി ബഹന്നാൻ, കെ. ബാബു, കെ.പി. ധനപാലൻ, ലതിക സുഭാഷ്, പി.ജെ. ജയലക്ഷ്മി, വി.പി. സജീന്ദ്രൻ, ഷാഫി പറന്പിൽ, ഡീൻ കുര്യാക്കോസ്, ടി. സിദ്ദീഖ്, വി.ഡി. സതീശൻ, കെ. സുധാകരൻ, ശൂരനാട് രാജശേഖരൻ, വി.എസ്. ശിവകുമാർ, അടൂർ പ്രകാശ്, ജോസഫ് വാഴയ്ക്കൻ, എ.പി. അനിൽ കുമാർ, പദ്മജ വേണുഗോപാൽ, ദീപ്തി മേരി വർഗീസ്, ബിന്ദു കൃഷ്ണ, ഫാത്തിമ റോസ്ന, ഹൈബി ഈഡൻ, റോജി എം. ജോൺ, സി.ആർ. മഹേഷ്, ഇ.എം. ആഗസ്തി, ഷാനിമോൾ ഉസ്മാൻ, വി.ടി. ബൽറാം, ടി.എൻ. പ്രതാപൻ, പി.വി. ഗംഗാധരൻ.
പ്രത്യേകം നിയമിക്കപ്പെട്ടവർ
(കോ-ഓപ്റ്റഡ്)
കെ.സി. റോസക്കുട്ടി, അൻസജിത റസൽ, കെ.എസ്. ഗോപകുമാർ, കെ.എം. അഭിജിത്, ഹരിപ്രിയ, ജെബി മേത്തർ, എൻ.കെ. സുധീർ, കെ.എ. തുളസി, മാലേത്ത് സരളാദേവി, കെ.എൻ. വിശ്വനാഥ്, കെ. വിദ്യാധരൻ, കെ.പി. അനിൽ കുമാർ, അനിൽ അക്കര.