ഹൈദരാബാദ്: വൈഫൈ കണക്ഷൻ വിച്ഛേദിച്ചതിന് ഭാര്യയെ ഭർത്താവ് മർദിച്ച് അവശയാക്കി. ഗുരതമായി പരുക്കേറ്റ യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സോമാജിഗുഡയിലെ രേഷ്മ സുൽത്താന എന്ന യുവതിക്കാണ് ഭർത്താവിൽ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്.
ബുധനാഴ്ച്ച രാത്രി ഏറെ വൈകിയിട്ടും ഭർത്താവ് ഫോണ് ഉപയോഗിക്കുന്നതിനിടെയാണ് രേഷ്മ സുൽത്താന വൈഫൈ കണക്ഷൻ ഓഫാക്കിയത്. പ്രകോപിതനായ ഭർത്താവ് ഇവരെ തൊഴിക്കുകയും ഇടിക്കുകയുമായിരുന്നു. രേഷ്മ സുൽത്താനയുടെ അമ്മയാണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ പോലീസ് കേസെടുത്തു. ഭർത്താവ് ഫോണിൽ നീലച്ചിത്രങ്ങൾ കണ്ടുകൊണ്ടിരുന്നതിനാലാണ് വൈഫൈ ഓഫ് ചെയ്തതെന്ന് രേഷ്മ പോലീസിന് മൊഴി നൽകി.