വാഷിംഗ്ടണ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിനെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ രംഗത്ത് എത്തിയിരുന്നു. കിമ്മിന്റെ സന്ദേശം ദക്ഷിണ കൊറിയ പ്രതിനിധികൾ ട്രംപിന് കൈമാറി. കിമ്മിന്റെ ക്ഷണം ട്രംപ് സ്വീകരിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാൻഡേഴ്സ് പറഞ്ഞു.
ഇതിന്റെ പിന്നാലെ കിം ജോംഗുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു. കൂടിക്കാഴ്ച നടത്തുന്നതുവരെ ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്താമെന്ന് കിം ഉറപ്പു നൽകിട്ടുണ്ടെന്ന് ട്രംപ് അറിയിച്ചു. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച മേയിൽ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദക്ഷിണ കൊറിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുംഗ് ഇയൂയി-യംഗ് പറഞ്ഞു. കൂടിക്കാഴ്ച എവിടെവച്ചാണെന്ന് അന്തിമ തീരുമാനമായിട്ടില്ല.
നയതന്ത്രബന്ധം മെച്ചപ്പെടും
അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തി വരുന്ന സൈനിക സഹകരണങ്ങളും അഭ്യാസങ്ങളും തുടരുന്നതിൽ ഉത്തര കൊറിയക്ക് എതിർപ്പില്ല. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണ കൊറിയൻ പ്രതിനിധികൾ ഈയാഴ്ചയാദ്യം പ്യോഗ്യാംഗിൽ കിമ്മുമായി ചർച്ച നടത്തിയിരുന്നു.
ആണവനിരായുധീകരണം സംബന്ധിച്ചു യുഎസുമായി ചർച്ച നടത്തുന്ന അവസരത്തിൽ ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കാമെന്ന് ഉൻ സമ്മതിച്ചിരുന്നു. ആണവ ബോംബ്, ഹൈഡ്രജൻ ബോംബ്, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് റോക്കറ്റുകൾ തുടങ്ങി വിവിധ തരത്തിലുള്ള ആയുധങ്ങൾ ഉത്തര കൊറിയ സ്വന്തമാക്കിയിട്ടുണ്ട്.
അമേരിക്ക എന്ന ഭൂവിഭാഗം മുഴുവൻ തങ്ങളുടെ വിരൽത്തുന്പിലാണെന്ന് ഉത്തര കൊറിയ അവകാശപ്പെടുന്നു. വ്യാഴാഴ്ചയാണ് ഉത്തരകൊറിയൻ നിലപാട് ദക്ഷിണകൊറിയൻ പ്രതിനിധികൾ മുഖേന അമേരിക്കയെ അറിയിച്ചത്. വാക്പോര് അവസാനിക്കും
അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ മിസൈൽ പരീക്ഷണത്തെച്ചൊല്ലി ഏറെ വാക്പോരു നടത്തിയിരുന്നു. അമേരിക്കയിൽ എവിടെയും ചെന്നെത്താൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ആണവ മിസൈൽ ഉത്തരകൊറിയ പരീക്ഷിച്ചത് യുഎസിനെ പ്രകോപിപ്പിച്ചു. ഉത്തരകൊറിയയെ മുച്ചൂടും നശിപ്പിക്കുമെന്നു പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കി.
ദക്ഷിണകൊറിയയിൽ ഈയിടെ നടത്തിയ വിന്റർ ഒളിന്പിക്സാണ് മഞ്ഞുരുകലിനു കാരണമായത്. കിമ്മിന്റെ സഹോദരിയും ഉത്തരകൊറിയൻ രാഷ്ട്രത്തലവനും ഉൾപ്പെട്ട ഉന്നതതല സംഘം വിന്റർ ഒളിന്പിക്സിനു ദക്ഷിണകൊറിയയിലെത്തി. ഇവർ നടത്തിയ ചർച്ചയുടെ അനന്തര നടപടിയെന്ന നിലയിലാണ് തിങ്കളാഴ്ച ദക്ഷിണകൊറിയൻ ഉന്നതതല സംഘം പ്യോഗ്യാംഗിലെത്തിയത്. സംഘത്തിന് ചെയർമാൻ കിം വിരുന്നു നൽകി.