കണ്ണൂർ: കണ്ണൂരിലെ സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിൽ പെണ്ണിനും മണ്ണിനും വിലയില്ലെന്ന് കോൺഗ്രസ് നേതാവായ എ.പി. അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്കിലെ വീഡിയോ പോസ്റ്റ് വിവാദത്തിൽ. പാർട്ടി ഗ്രാമങ്ങളിൽ പുര നിറഞ്ഞുനിൽക്കുന്ന പെൺകുട്ടികൾക്ക് ഭർത്താക്കൻമാരെ കിട്ടില്ല.
ബോംബുണ്ടാക്കലും ആളെ കൊല്ലൽ വ്യവസായം നടക്കുന്നതുമായ നാട്ടിൽനിന്ന് കല്യാണം കഴിക്കാൻ ആരാണ് തയാറാവുക. പാർട്ടി ഗ്രാമങ്ങളിൽനിന്ന് രക്ഷപ്പെടാമെന്ന് വിചാരിച്ച് സ്ഥലം വിറ്റ് രക്ഷപ്പെടാമെന്ന് നോക്കിയാൽ സ്ഥലത്തിനും വിലയില്ലെന്ന് അബ്ദുള്ളക്കുട്ടി വീഡിയോയിലൂടെ പറയുന്നു.
ആകാശ് തില്ലങ്കേരിയെ പോലെയുള്ള ചെറുപ്പക്കാർ നൽകുന്ന സന്ദേശമെന്താണ്. ഒരു കൊടി സുനിയുടെ ക്വട്ടേഷൻ സംഘത്തിൽ ചേരൂ, കൊന്നിട്ട് ജയിലിൽ പോയ്കോളൂ. നിങ്ങൾക്ക് വീട് വച്ചുതരും. വിവാഹം നടത്തിത്തരും….പിന്നെ ഇടയ്ക്കിടെ പരോൾ തരുന്നുണ്ടല്ലോ. കുട്ടികളുടെ ചെലവിനും കൊടുക്കും. സഹകരണ ബാങ്കിൽ ബന്ധുക്കൾക്ക് ജോലി കൊടുക്കും.
ഈ സമീപനം മാറ്റേണ്ടയെന്നും വീഡിയോയിൽ അബ്ദുള്ളക്കുട്ടി പറയുന്നു. കെ.വി. സുധീഷിനെ കൊലയ്ക്കു കൊടുത്തത് പാർട്ടിയാണെന്നും പറയുന്ന അബ്ദുള്ളക്കുട്ടി കഴിഞ്ഞ തവണ തലശേരിയിൽ മത്സരിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവവും പങ്കുവയ്ക്കുന്നു.
വോട്ട് ചോദിക്കാൻ കതിരൂരിൽ ചെന്നപ്പോൾ മൂന്ന് ചെറുപ്പക്കാർ കൈ തരാതെ പോക്കറ്റിൽ വച്ചിരിക്കുന്നു. നോക്കിയപ്പോൾ അവർക്ക് കൈപ്പത്തിയില്ല. കാരണം സിപിഎമ്മിനുവേണ്ടി ബോംബ് ഉണ്ടാക്കിയപ്പോൾ സ്ഫോടനം നടന്ന് കൈ തകർന്നുപോയതാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.