വി.ശ്രീകാന്ത്
“ഈ അവാർഡ് അവാർഡ് എന്നു കേട്ടിട്ട് മാത്രമുള്ള ആളുടെ അരികിലേക്ക് ഒരു അവാർഡ് എത്തുന്പോൾ ഉണ്ടാകുന്ന സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല…” ഇത് പറയുന്പോൾ വിനീത കോശി നിർത്താതെ ചിരിക്കുന്നുണ്ടായിരുന്നു. 2017-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ അഭിനയത്തിന് പ്രത്യേക പരാമർശം കിട്ടിയതിന്റെ ആനന്ദം അത്രയും ആ ചിരിയിൽ ഉണ്ടായിരുന്നു .
2017-ലെ മികച്ച സിനിമയായി തെരഞ്ഞെടുത്ത ഒറ്റമുറി വെളിച്ചം എന്ന സിനിമയിലെ അഭിനയത്തിനാണ് വിനീത കോശി ജൂറിയുടെ പ്രത്യേക പരാമർശത്തിന് പാത്രമായത്. ആനന്ദം സിനിമയിലൂടെ മലയാള സിനിമാ ലോകത്തെത്തി ഇപ്പോൾ ഒറ്റമുറി വെളിച്ചത്തിലെ സുധയിലൂടെ സ്ത്രീകൾ പ്രകാശം പരത്തേണ്ടവരാണെന്ന് വിളിച്ച് പറയുകയാണ് വിനീത കോശി. അറിയാം വിനീത കോശി സുധയായി മാറി ജൂറിയുടെ മനം കവർന്നതെങ്ങനെയെന്ന്.
സത്യം പറഞ്ഞാൽ ഇതൊരു ലോട്ടറിയാണ്
ലോട്ടറി അടിച്ച സന്തോഷത്തിലാണ് ഞാനിപ്പോൾ. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു അവാർഡ്. സുധയെന്ന കഥാപാത്രം നല്ലവണ്ണം ചെയ്യാൻ പറ്റിയെന്നുള്ള വിശ്വാസം എനിക്കുണ്ടായിരുന്നു. സുധയെനിക്കൊരു ബന്പർ സമ്മാനം തരുമെന്ന് പക്ഷേ ഒട്ടും വിചാരിച്ചില്ല.
വലിയ സന്തോഷം ഉണ്ട് പ്രത്യേക പരാമർശം കിട്ടിയതിൽ. ഞാൻ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളു. കിട്ടിയതെല്ലാം തന്നെ കുഞ്ഞ് കുഞ്ഞ് നല്ല വേഷങ്ങളാണ്. ഒറ്റമുറി വെളിച്ചത്തിലാണ് ത്രൂ ഒൗട്ട് ചെയ്യാൻ പാകത്തിന് ഒരു വേഷം കിട്ടുന്നത്. ആ ചിത്രത്തിലെ അഭിനയത്തിന് തന്നെ ഒരു അവാർഡ് കിട്ടിയത് വലിയ ഒരു കാര്യമായിട്ടാണ് കരുതുന്നത്.
സുധ എനിക്കായി പിറന്ന കഥാപാത്രം
ഒറ്റമുറി വെളിച്ചത്തിലെ ടീമിനൊപ്പം മൗനം സൊല്ലും വാർത്തൈകളെന്ന ഒരു തമിഴ് വീഡിയോ ആൽബം നേരത്തെ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ ടീമിലെ എല്ലാവരും എന്റെ നല്ല സുഹൃത്തുക്കളാണ്. ഒറ്റമുറിവെളിച്ചത്തിന്റെ സംവിധായകൻ രാഹുൽ റിജി നായർ ഈ ചിത്രത്തിന്റെ കഥയെ കുറിച്ച് പറയുന്പോളെല്ലാം സുധയെന്ന കഥാപാത്രം നീ ചെയ്യണമെന്ന് പറയുമായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. സുധ എനിക്കായി പിറന്ന കഥാപാത്രമായത് കൊണ്ടാവാം ആ വേഷം എന്നിലേക്ക് തന്നെ എത്തിയത്.
രാഹുൽ നൽകിയ ആത്മവിശ്വാസം
നായിക പ്രാധാന്യമുള്ള ചിത്രമാണ് ഒറ്റമുറി വെളിച്ചം. സുധയ്ക്ക് ഞാനുമായി ഒരു സാമ്യവുമില്ല. ഒതുങ്ങി ജീവിക്കുന്ന ഒരു പെണ്കുട്ടി. ഈ ഒരു കഥാപാത്രം ഞാൻ ചെയ്താൽ ഓക്കെയാകുമെന്നുള്ള സംവിധായകൻ രാഹുലിന്റെ വിശ്വാസമാണ് എന്നെ ഈ സിനിമയിലേക്കെത്തിച്ചത്.
വിവാഹത്തിന് ശേഷം ഒത്തിരി പ്രതീക്ഷയോടെ ഭർത്തൃ ഗൃഹത്തിൽ എത്തുന്ന പെണ്കുട്ടിക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് സിനിമ പറയുന്നത്. പ്രാദേശിക മേഖലകളിൽ സ്്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ചിത്രത്തിൽ പറയുന്നുണ്ട്. ആ പ്രശ്നങ്ങൾ അത്രയും പകർന്നാടാൻ കഴിഞ്ഞത് രാഹുൽ നൽകിയ ആത്മവിശ്വാസം കൊണ്ട് മാത്രമാണ്.
ദീപക് പറന്പോളിന്റെ പിന്തുണ
ദീപക് പറന്പോളാണ് എന്റെ ഭർത്താവായി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.ചന്ദ്രൻ എന്ന കഥാപാത്രമാണ് ദീപ്ക ചെയ്തിട്ടുള്ളത്. സെറ്റിലെ സീനിയറായിട്ടുള്ള ആൾ ദീപക്കായിരുന്നു. പുള്ളി നൽകിയ പിന്തുണ കാരണമാണ് എനിക്ക് സുധയെന്ന കഥാപാത്രത്തെ നല്ലരീതിയിൽ ഉൾക്കൊണ്ട് ചെയ്യാൻ പറ്റിയത്. തിരുവനന്തപുരം ബോണക്കാട് വെച്ചിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
ഒറ്റമുറി വെളിച്ചം ടീം
മികച്ച ചിത്രം, മികച്ച സഹനടി, മികച്ച എഡിറ്റർ, പ്രത്യേക ജൂറി പരാമർശം ഇങ്ങനെ നാല് അവാർഡുകളാണ് ഒറ്റമുറിവെളിച്ചത്തിന് കിട്ടിയത്. അപ്പോൾ പറയണ്ടാലോ ഒറ്റമുറി വെളിച്ചം ടീമിന് സന്തോഷം എത്രത്തോളം ഉണ്ടായിരിക്കുമെന്ന്. 18 ലക്ഷം രൂപയ്ക്കാണ് ചിത്രം പൂർത്തിയാക്കിയത്. ചുരുങ്ങിയ ബഡ്ജറ്റിനുള്ളിൽ നിന്ന് ഈ സിനിമ പൂർത്തിയാക്കാൻ ടീമിലെ ഓരോരുത്തരും ആത്മാർഥമായിട്ടു തന്നെ പണിയെടുത്തിട്ടുണ്ട്. അതിന്റെ ഫലം ആണ് ഇപ്പോൾ കിട്ടിയ അവാർഡുകൾ അത്രയും.