സ്വന്തം ലേഖകൻ
തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിൽ ക്രമക്കേടുകൾക്കു കളമൊരുങ്ങുന്നു. നിയമന നടപടികൾ രഹസ്യമായി നടത്തുന്ന സർവകലാശാല റിക്രൂട്ട്മെന്റ് വിഭാഗത്തിൽ കൃഷിമന്ത്രി വി.എസ് സുനിൽകുമാറിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ എഐവൈഎഫ് സംസ്ഥാന നേതാവിന്റെ ഭാര്യയെ നിയമിച്ചതു ക്രമക്കേടിനു വഴിയൊരുക്കാനാണെന്ന് ആക്ഷേപം ഉയർന്നു.
നിയമനത്തിന് അവസരമൊരുക്കാൻ സൗകര്യങ്ങൾ വർധിപ്പിക്കാതെ സീറ്റുകൾ ഇരട്ടിയാക്കിയതിനെതിരേ വിദ്യാർഥികൾ സമരവും തുടങ്ങി. കാലിക്കട്ട് സർവകലാശാലയിൽ കംപ്യൂട്ടർ അസിസ്റ്റൻറായിരുന്ന ഉദ്യോഗസ്ഥയെ ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫറിലൂടെ കേരള കാർഷിക സർവകലാശാലയിലേക്കു സ്ഥലംമാറ്റി കൊണ്ടുവരികയായിരുന്നു.
ഇവരെ രജിസ്ട്രാർ ഡോ. എസ്. ലീനാകുമാരി റിക്രൂട്ട്മെന്റ് സെക്ഷനിലെ ജോലിക്കു നിയോഗിക്കുകയുമായിരുന്നു. അസിസ്റ്റൻറ് പ്രഫസർ നിയമനത്തിൽ സഹായിക്കാനാണെന്ന് ഉത്തരവിൽ രജിസ്ട്രാർ വ്യക്തമാക്കിയിട്ടുണ്ട്.അസിസ്റ്റൻറ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷ നൽകിയവരുടെ അക്കാദമിക് യോഗ്യത, വിവിധ വിഭാഗങ്ങളിൽ ലഭിച്ച മാർക്ക്, ജാതി സംവരണം തുടങ്ങിയ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നത് റിക്രൂട്ട്മെന്റ് വിഭാഗത്തിലാണ്.
ഇതു തയാറാക്കി കംപ്യൂട്ടറിൽ സൂക്ഷിക്കുന്ന ജോലിയാണ് നൽകിയിട്ടുള്ളത്.ഈ വിവരങ്ങൾ ചോർന്നാൽ ഇന്റർവ്യൂവിൽ കൊടുക്കേണ്ട മാർക്ക് ഉൾപ്പെടെ മുൻകൂട്ടി തീരുമാനിച്ച് നിയമനം നിയന്ത്രിക്കാനാവും. കാർഷിക സർവകലാശാലാ ആസ്ഥാനത്തെ തന്ത്രപ്രധാനമായ തസ്തികയിൽ മന്ത്രിയുടെ ആജ്ഞാനുവർത്തിയുടെ ഭാര്യയെ നിയമിച്ചത് വിവരങ്ങൾ ചോർത്തി അഴിമതി നടത്താനാണെന്നാണ് ആരോപണം.
കൂടുതൽ നിയമനം നടത്താനാണ് ബിഎസ്സി അഗ്രികൾച്ചർ കോഴ്സിന്റെ സീറ്റുകളുടെ എണ്ണം 208 ൽ നിന്ന് 420 ആക്കി ഉയർത്തിയത്. അന്പലവയലിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്സിലിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ തുടങ്ങുന്ന പുതിയ കാർഷിക കോളജിലേക്കുള്ള 60 സീറ്റും ഇതിൽ പെടും. അടിസ്ഥാന സൗകര്യമില്ലാത്ത കുമരകം, എരുത്തിയാന്പതി എന്നിവിടങ്ങളിലും പുതിയ കാർഷിക കോളജുകൾ തുടങ്ങാൻ നീക്കമുണ്ട്.