ചവറ: വീടിനു വെളിയിൽ ഉറങ്ങുകയായിരുന്നു 17 കാരിയെ അയൽവാസിയായ യുവാവ് കടന്നുപിടിക്കാൻ ശ്രമിച്ചു. പോലീസിൽ പരാതി നൽകിയ പെൺകുട്ടിയെ യുവാവിന്റെ മാതാവും ബന്ധുക്കളും ചേർന്ന് ഉപദ്രവിച്ചു.
ആത്മഹത്യാശ്രമം നടത്തിയ പെൺകുട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. നീണ്ടകരയിൽ അപ്പുപ്പന്റെയും അമ്മുമ്മയുടെയും സംരക്ഷണയിൽ കഴിയുന്ന പെൺകുട്ടിക്ക് നേരെ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.
തകർന്ന വീടായതിനാൽ വീടിനു പുറത്താണ് കുട്ടിയും വീട്ടിലുള്ളവരും കിടന്ന് ഉറങ്ങാറുള്ളത്. സമീപവാസിയായ യുവാവ് കടന്നുപിടിക്കുകയായിരുന്നെന്ന് യുവതി ചവറ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് യുവാവിന്റെ മാതാവും രണ്ട് ബന്ധുക്കളും ഇവരുടെ വീട്ടിലെത്തുകയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും, ഉപദ്രവിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തിയത്. പെൺകുട്ടിയുടെയും വീട്ടുകാരുടെയും പരാതിയിൽ നാലുപേർക്കെതിരെ ചവറ പോലിസ് കേസെടുത്തു