കൊച്ചി: പ്രതിരോധതാരം ലാൽ റുവത്താരയുമായുള്ള കരാർ കേരള ബ്ലാസ്റ്റേഴ്സ് 2021 വരെ നീട്ടി. ഇത് സംബന്ധിച്ച് ക്ലബും ലാൽ റുവത്താരയും തമ്മിൽ പുതിയ കരാറിൽ ഒപ്പിട്ടു. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ മുൻനിര കളിക്കാരനാണ് ലാൽ റുവത്താര.
യുവതാരങ്ങളായ ജാക്കിചന്ദ് സിംഗിനെ ഗോവ എഫ്സിയും മിലൻ സിംഗിനെ മുംബൈ സിറ്റിയും റാഞ്ചിയതിനു പിന്നാലെയാണു സീസണിൽ മികച്ച പ്രകടനം നടത്തിയ ലാൽ റുവത്താരയെ ബ്ലാസ്റ്റേഴ്സ് നിലനിർത്തിയത്.
സെന്റർ ബാക്ക്, ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക് പൊസിഷനുകളിലെ തിളക്കമേറിയ പ്രകടനമാണു താരത്തെ നിലനിർത്താൻ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഐ ലീഗ് സീസണിലെ മികച്ച പ്രകടനത്തെ തുടർന്ന് പ്ലയർ ഡ്രാഫ്റ്റിലൂടെ സൂപ്പർ ലീഗിലെത്തിയ ലാൽ റുവത്താര സീസണിൽ 17 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയണിഞ്ഞു.
സസ്പെൻഷൻ കാരണം ഒരു മത്സരത്തിൽ മാത്രമാണു കളത്തിലിറങ്ങാതിരുന്നത്. ബ്ലാസ്റ്റേഴ്സ് ടീമിനും ആരാധകർക്കും വേണ്ടി തുടരാൻ തീരുമാനിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ലാൽ റുവത്താര പറഞ്ഞു.