കോഴിക്കോട്: ദക്ഷിണമേഖല യോഗ്യതാറൗണ്ടില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായ അതേടീമുമായി 72-ാമത് സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടില്‍ കേരളം ഇറങ്ങും. യോഗ്യതാ റൗണ്ടിലെ താരനിരയില്‍ യാതൊരുമാറ്റവും വരുത്താതെയാണു ഫൈനൽ റൗണ്ടിലേക്കുള്ള ഇരുപതംഗ ടീമിനെ കോഴിക്കോട്ട് പ്രഖ്യാപിച്ചത്. തൃശൂര്‍ സ്വദേശിയായ പ്രതിരോധനിരതാരം രാഹുൽ വി. രാജ് തന്നെ കേരള ടീമിനെ നയിക്കും. മിഡ്ഫീല്‍ഡര്‍ എസ്. സീസണാണ് വൈസ് ക്യാപ്റ്റന്‍.
അഞ്ച് കെഎസ്ഇബി താരങ്ങളും അഞ്ച് എസ്ബിഐ താരങ്ങളും ടീമിലുണ്ട്. കേരള പോലീസ്, ഗോകുലം കേരള എഫ്സി, എഫ്സി കേരള എന്നീ ടീമുകളില്‍നിന്നു രണ്ട് പേർ വീതവും സെന്‍ട്രല്‍ എക്സൈസില്‍നിന്ന് ഒരാളും ടീമിലുണ്ട്. സെന്റ് തോമസ് കോളജ് തൃശൂര്‍, ക്രൈസ്റ്റഅ കോളജ് ഇരിങ്ങാലക്കുട, മമ്പാട് കോളജ് എന്നിവിടങ്ങളില്‍നിന്ന് ഒരാള്‍ വീതവുമുണ്ട്.
സതീവന്‍ ബാലനാണു മുഖ്യപരിശീലകന്‍. സഹപരിശീലകനായ ബിജേഷ് ബെന്നിനു പകരം ഷാഫി അലിയെ ഗോള്‍കീപ്പര്‍ പരിശീലകനായി തെരഞ്ഞെടുത്തു. പി.സി.എം.ആസിഫ് ടീം മാനേജരും, എസ്. അരുണ്‍രാജ് ഫിസിയോയുമാണ്. ഐസിഎല്‍ ഫിന്കോര്പ്പാണു കേരള ടീമിന്റെ മുഖ്യസ്പോണ്സര്.
14ന് എറണാകുളം ടൗണ്‍ സ്റ്റേഷനില്‍നിന്ന് രാത്രി 9.50ന് ട്രെയിന്‍ മാര്‍ഗമാണ് ടീം കോൽക്കത്തയ്ക്കു യാത്ര തിരിക്കുക. ഫൈനല്‍ റൗണ്ടില്‍ ബംഗാള്‍, മണിപ്പുര്‍, മഹാരാഷ്ട്ര, ചണ്ഡിഗഡ് എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ‘എ’ യിലാണ് കേരളം. 19ന് ചണ്ഡിഗഡുമായാണു ഫൈനല്‍ റൗണ്ടില്‍ കേരളത്തിന്റെ ആദ്യമത്സരം. 23നു മണിപ്പുരിനെയും, 25നു മഹാരാഷ്ട്രയെയും 27നു ബംഗാളിനെയും കേരളം നേരിടും.
രണ്ട് ഗ്രൂപ്പുകളില്‍ നിന്നായി ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിഫൈനലിലേക്കു യോഗ്യത നേടും. മാര്‍ച്ച് 30 നാണ് സെമിഫൈനല്‍. ഏപ്രില്‍ ഒന്നിന് ഫൈനല്‍.
കേരള ടീം
മുന്നേറ്റനിര: സജിത് പൗലോസ്,വി.കെ. അഫ്ദാല്‍, പി.സി. അനുരാഗ്.
മധ്യനിര: കെ.പി. രാഹുല്‍, എസ്. സീസണ്, മുഹമ്മദ് പാറക്കോട്ടില്‍, വി.എസ്. ശ്രീക്കുട്ടന്, എം.എസ്. ജിതിന്, ജി. ജിതിന്, ബി.എല്‍. ഷംനാസ്.
പ്രതിരോധനിര: എസ്. ലിജോ, രാഹുൽ വി. രാജ്(ക്യാപ്റ്റൻ), വൈ.പി. മുഹമ്മദ് ഷരീഫ്, വിബിന് തോമസ്, വി.ജി. ശ്രീരാഗ്, കെ.ഒ. ജിയാദ് ഹസന്, ജസ്റ്റിന് ജോര്‍ജ്.
ഗോള്‍കീപ്പര്‍മാര്‍: വി. മിഥുന്, എം. ഹജ്മല്‍, അഖിൽ സോമന്.