തിരുവനന്തപുരം: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ കുടുങ്ങി കെഎസ്ആർടിസിയും. പിഎൻബി തട്ടിപ്പിനെ തുടർന്നു കെഎസ്ആർടിസിയുടെ ദീർഘകാല വായ്പാ നടപടികൾ അനിശ്ചിതത്വത്തിലായതായി സൂചന.
വായ്പയ്ക്കായി കെഎസ്ആർടിസി സമീപിച്ചിരിക്കുന്ന കണ്‍സോർഷ്യത്തിലെ പ്രധാന അംഗമാണ് പിഎൻബി. ദീർഘകാല വായ്പ അടിസ്ഥാനത്തിൽ 3,000 കോടി രൂപ വായ്പയെടുക്കാനായിരുന്നു കെഎസ്ആർടിസിയുടെ നീക്കം. ഇതിൽ 750 കോടി രൂപ പിഎൻബിയിൽനിന്നുമാണ്. എന്നാൽ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെ പിഎൻബി വായ്പാ നടപടിയുമായി മുന്നോട്ടുപോകുന്നില്ലെന്നാണ് സൂചന.
അതേസമയം ഇക്കാര്യത്തിൽ യാതൊരു പ്രതിസന്ധിയും നിലനിൽക്കുന്നില്ലെന്നാണ് കെഎസ്ആർടിസി അധികൃതരുടെ വിശദീകരണം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ അടുത്ത ആഴ്ച ബാങ്കുമായി ചർച്ച നടത്തുമെന്നും വിവരങ്ങളുണ്ട്.