കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനു ബിജെപിയിലേക്കു ക്ഷണമുണ്ടായെന്ന വാർത്തകൾക്കിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. സുധാകരൻ ബിജെപിയിൽ ചേർന്നാൽ സിപിഎമ്മിന് എന്താണ് വിഷമമെന്ന് സുരേന്ദ്രൻ ചോദിച്ചു.
കോണ്‍ഗ്രസുകാരെ മാത്രമല്ല നല്ല സിപിഎം നേതാക്കളെ കിട്ടിയാലും ബിജെപി പാർട്ടിയിൽ ചേർക്കുമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.കെ. സുധാകരൻ ബിജെപിയിൽ ചേർന്നാൽ തന്നെ സിപിഎമ്മിനെന്താ ഇത്ര ദണ്ണം. ഇതാദ്യമായിട്ടാണോ മറ്റു പാർട്ടിയിലുള്ളവർ ബിജെപിയിൽ ചേരുന്നത്?
ഇപ്പോൾ കേന്ദ്രമന്ത്രിസഭയിൽ ടൂറിസം മന്ത്രിയായിരിക്കുന്ന അൽഫോൻസ് കണ്ണന്താനം കേരളാ നിയമസഭയിലെ സിപിഎം വിജയിപ്പിച്ച എംഎൽഎ ആയിരുന്നില്ലേ? ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നത് ബിജെപിയിലേക്ക് പുതുതായി മറ്റു പാർട്ടിക്കാർ വന്നതുകൊണ്ടല്ലേ.
ജനാധിപത്യ സംവിധാനത്തിൽ ആളുകൾ പാർട്ടിമാറുന്നത് ഇത്രവലിയ അപരാധമാണോ?- സുരേന്ദ്രൻ ചോദിക്കുന്നു.എസ്.എം. കൃഷ്ണ കർണാടകയിൽ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആയിരുന്നില്ലേ. കേരളത്തിൽ ബിജെപിക്കു പതിനഞ്ചു ശതമാനം വോട്ടുകിട്ടിയതു പലരും പുതുതായി പാർട്ടിയിൽ ചേർന്നതുകൊണ്ടല്ലേ.
സിപിഎമ്മിന്റെ അനുവാദം വാങ്ങിയിട്ടുവേണോ ആളുകൾക്കു ബിജെപിയിൽ ചേരാൻ?
കോണ്‍ഗ്രസുകാരെ മാത്രമല്ല നല്ല സിപിഎം നേതാക്കളെ കിട്ടിയാലും തങ്ങൾ പാർട്ടിയിൽ ചേർക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.