കോട്ടയം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ നടക്കും. ജില്ലയിൽ അഞ്ചുവയസിനു താഴെയുളള 1,21,424 കുട്ടികൾക്കാണു തുള്ളി മരുന്നു നൽകുന്നത്. ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ എട്ടിനു ഉഴവൂർ കെ.ആർ. നാരായണൻ മെമ്മോറിയൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിക്കും.
പൾസ് പോളിയോ നല്കുന്നതിനായി ജില്ലയിൽ 1278 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. തുള്ളിമരുന്ന് നൽകാൻ പരിശീലനം സിദ്ധിച്ച 2596 സന്നദ്ധപ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയിലാണ് സാധാരണ ബൂത്തുകൾ പ്രവർത്തിക്കുക.
രാവിലെ എട്ടു മുതൽ വൈകുന്നരേം അഞ്ചു വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക. 40 ട്രാൻസിറ്റ് ബൂത്തുകൾ, 20 മൊബൈൽ ബൂത്തുകൾ എന്നിവയും ക്രമീകരിക്കും. റെയിൽവെ സ്റ്റേഷൻ, ബസ്സ്റ്റാൻഡ്, ബോട്ടുജെട്ടി എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കും.
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ഉത്സവസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ എത്തി മരുന്ന് നൽകുന്നതിനാണു മൊബൈൽ ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നത്. അഞ്ചുവയസിനു താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്നു ഉറപ്പു വരുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു.