ഹരിപ്പാട്: ട്രെയിനിനു മുന്നിൽ ചാടി യുവാവ് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. ചെറുതന ആനാരി ഇടയന്തറത്ത് രാംകുമാർ (രാമൻ 24) ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടാണ് പിതാവ് രഘുനാഥ് പരാതി നൽകിയത്.
കഴിഞ്ഞ ഒന്നിന് രാത്രി 10.30 ന് വീടിന് സമീപമുള്ള തീരദേശ പാതയിൽ ബ്രഹ്മാനന്ദവിലാസം സ്കൂളിനു മുൻവശം ട്രെയിനിനു മുന്നിൽച്ചാടിയാണ് രാംകുമാർ ജീവനൊടുക്കിയത്. രാംകുമാർ സ്നേഹിച്ചിരുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കൾ നല്കിയ പരാതിയും ഇതുമായി ബന്ധപ്പെട്ട് ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിക്കാരനായ സിവിൽ പോലീസ് ഓഫീസർ ഏല്പിച്ച ശാരീരിക പീഡനവും മൂലമാണെന്നു രഘുനാഥൻ നൽകിയ പരാതിയിൽ പറയുന്നു.
കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെതിരേയും പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്കെതിരേയുമാണ് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരിക്കുന്നത്. മരിച്ച രാംകുമാർ വാട്ടർ അഥോറിറ്റിയിൽ താത്കാലിക പന്പ് ഓപ്പറേറ്ററായിരുന്നു.