വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാതയിൽ വള്ളിയോട്ട് വാഹന പരിശോധനക്കിടെ വിദ്യാർത്ഥി ഓടിച്ചു പോയ ബൈക്ക് പോലീസ് പിടിച്ച് വലിച്ചതിനെ തുടർന്ന് ബാലൻസ് തെറ്റി ബൈക്കുമായി വിദ്യാർത്ഥികൾ റോഡിൽ വീണസംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ ഒരു വിദ്യാർത്ഥിയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. തേനിടുക്ക് കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ ബി.കോം അവസാനവർഷ വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. ഇതേ തുടർന്ന് ക്ഷുഭിതരായ വിദ്യാർത്ഥികൾ അര മണിക്കൂറിലേറെ സമയം സംസ്ഥാന പാതയിൽ വാഹനങ്ങൾ തടഞ്ഞു.
സംഭവസമയത്ത് മതിയായ പോലീസ് ഇല്ലാതിരുന്നതും വഴിതടയൽ നീണ്ടുപോകാൻ ഇടയാക്കി.ഒടുവിൽ അതു വഴി വന്ന ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി റോഡിൽ കൂട്ടം കൂടി നിന്ന വിദ്യാർത്ഥികളെ ചൂരലുമായി വിരട്ടിയോടിച്ചാണ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കിയത്.ഇന്നലെ വൈകീട്ട് നാലേ മുക്കാലോടെയായിരുന്നു സംഭവം.
റോഡിൽ വിദ്യാർത്ഥികൾ തമ്മിൽ അടി പിടികൂടുന്നെന്ന വിവരം ലഭിച്ചാണ് വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തുന്നത്. അടിപിടി ഒഴിവാക്കി പോലീസ് വാഹന പരിശോധന നടക്കുന്നതിനിടെ, കൈ കാണിച്ച ബൈക്ക് നിർത്താതെ മുന്നോട്ട് നീങ്ങിയപ്പോൾ പോലീസ് ബൈക്കിലെ വിദ്യാർത്ഥിയുടെ ഷർട്ടിൽ പിടിച്ച് വലിച്ചെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഇതിനിടെ ബാലൻസ് തെറ്റി ബൈക്കോടു കൂടി വിദ്യാർത്ഥികളും റോഡിൽ വീഴുകയായിരുന്നു.
പരിക്ക് പറ്റിയ വിദ്യാർത്ഥിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ വിദ്യാർത്ഥിയേയും ജീപ്പിൽ കയറ്റി പോലീസ് സ്റ്റേഷനിൽ പോയി. ഇതേ തുടർന്നായിരുന്നു വിദ്യാർത്ഥികൾ വാഹനങ്ങൾ തടഞ്ഞത്. ഈ സമയം സി.ഐ.മനോഹരൻ സ്ഥലത്തെത്തി വഴിതടയുന്നതിൽ നിന്നും വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല.
ഈ സമയം കൂടുതൽ പോലീസും സ്ഥലത്തുണ്ടായിരുന്നുമില്ല. ഒടുവിൽ അരമണിക്കൂറിലേറെ നേരം കഴിഞ്ഞാണ് വണ്ടാഴിയിലേക്ക് വന്നിരുന്ന ജില്ലാ പോലീസ് സൂപ്രണ്ടും ആലത്തൂർ ഡിവൈഎസ്പി ഷംസുദ്ദീനും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചത്.സംഭവം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.