തൃശൂർ: എന്നും കായ്ക്കുന്ന നാടൻ ചക്ക സമൂഹമാധ്യമങ്ങളിൽ വൈറലായി. പരിസ്ഥിതി സംരക്ഷകനും കാർഷിക അവാർഡു ജേതാവുമായ വർഗീസ് തരകന്റെ “ആയുർ ജാക്ക്’ പോസ്റ്റാണ് വൈറലായത്. നാലു ദിവസംകൊണ്ട് 13,000 പേർ ഷെയർ ചെയ്തു, 7.60 ലക്ഷം പേർ കാണുകയും ചെയ്തു.
“ചൂടു ചെറുക്കാൻ പച്ചപ്പിലേക്കു വരണം. 365 ദിവസവും കായ്ക്കുന്ന ’ആയുർ ജാക്ക്’ നട്ടു വളർത്തൂ.’ എന്ന സന്ദേശവുമായി കായ്ച്ചു നിൽക്കുന്ന ചെറിയ പ്ലാവിൻചെടിയുടെ ചിത്രങ്ങൾ സഹിതമാണ് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തത്. ചിത്രവും സന്ദേശവും വൈറലായതോടെ വർഗീസ് തരകന് ഫോണ് കോളുകളുടേയും സന്ദേശങ്ങളുടേയും പ്രവാഹമാണ്. തൈകൾ ആവശ്യപ്പെട്ടാണ് എല്ലാവരും സമീപിക്കുന്നത്.
വർഷക്കാലം തുടങ്ങുന്നതോടെ ആയുർ ജാക്ക് തൈകൾ നൽകാനുള്ള തയാറെടുപ്പിലാണ് വർഗീസ് തരകൻ. നല്ല മധുരമുള്ള വരിക്കച്ചക്കയാണിത്. ഒന്നരവർഷം പ്രായമാകുന്പോഴേക്കും ചക്ക വിളയും. വളർച്ചയെത്തിയ പ്ലാവിൽ വർഷം മുന്നൂറിലേറെ ചക്കയുണ്ടാകും.
ഇതാണ് ആയുർ ജാക്കിന്റെ സവിശേഷത. കുറുമാലിലെ തോട്ടത്തിൽ 12 വർഷം പ്രായമായ റബർ മുറിച്ചുകളഞ്ഞാണ് “ആയുർ ജാക്ക്’ കൃഷി ചെയ്തത്- വർഗീസ് തരകൻ പറഞ്ഞു.