കൊച്ചി/തൃപ്പൂണിത്തുറ: നാട്ടിൽ ക്രിക്കറ്റ് അത്ര വലിയ സംഭവമല്ലാതിരുന്ന കാലം. കളിയോടുള്ള ഭ്രാന്ത് മൂത്ത് പാലിയത്തുനിന്നു യാത്ര ആരംഭിച്ച ഒരാൾ കേരള ക്രിക്കറ്റിന്റെ ആശാനായി. രഞ്ജി ട്രോഫിയിൽ 55 മത്സരങ്ങൾ. 101 ഇന്നിംഗ്സുകളിൽനിന്നായി 1,107 റണ്‍സ്. 125 വിക്കറ്റുകൾ. സർവ ഗുണങ്ങളും തികഞ്ഞ ഓൾറൗണ്ടർ.
അത് മറ്റാരുമല്ല. കേരള ക്രിക്കറ്റിന്റെ ആശാനും തന്പുരാനുമെന്നുമൊക്കെ അറിയപ്പെടുന്ന പാലിയത്ത് രവിയച്ചൻ. കൊച്ചി രാജാവിന്റെ മന്ത്രിമാരായിരുന്ന പാലിയത്ത് അച്ചൻമാരുടെ പിൻതലമുറക്കാരനായ അദ്ദേഹം നവതിയിലെത്തിനിൽക്കുന്പോഴും ക്രിക്കറ്റിനെ സ്നേഹിച്ചും മനസാവരിച്ചും കഴിയുന്നു.
ഇന്നു വൈകുന്നേരം മൂന്നരയ്ക്കു തൃപ്പൂണിത്തുറ അഭിഷേകം കണ്വൻഷൻ സെന്ററിൽ നടക്കുന്ന നവതി ആഘോഷം കേന്ദ്ര കൃഷി – സാമൂഹ്യക്ഷേമവകുപ്പ് സഹമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത് ഉദ്ഘാടനം ചെയ്യും. സുരേഷ് ഗോപി എംപി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. ഇക്കഴിഞ്ഞ ഏഴിനാണു രവിയച്ചന് നവതി തികഞ്ഞത്.
കഥാരംഭം ചേന്ദമംഗലത്ത്
ജനനം ചേന്ദമംഗലത്ത് ആയിരുന്നുവെങ്കിലും തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂളിൽ ആയിരുന്നു രവിയച്ചന്റെ ഒന്‍പതുവരെയുള്ള സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് 1942-1943ലെ യുദ്ധകാലഘട്ടത്തിൽ പത്താം തരം പൂർത്തീകരിച്ചതു ചേന്ദമംഗലം പാലിയം ഹൈസ്കൂളിൽ. തൃശൂർ സെന്റ് തോമസ് കോളജിലെ ഇന്റർമീഡിയറ്റിനുശേഷം ബിരുദ പഠനത്തിനായി ചിദംബരം അണ്ണാമലൈ സർവകലാശാലയിൽ ചേർന്നു.
ഇവിടുന്നായിരുന്നു ക്രിക്കറ്റിനോടുള്ള അഭിനിവേശം കൂടിയതെന്നു പറയാം. ബിരുദപഠനം പൂർത്തിയാക്കി എറണാകുളം ലോ കോളജിൽ നിയമം പഠിക്കുന്നതിനിടെയാണു ക്രിക്കറ്റിനെ ഗൗരവത്തിൽ എടുത്തത്. അക്കാലത്ത് തൃപ്പൂണിത്തുറയിൽ ക്രിക്കറ്റിനോട് ആവേശമുള്ള മറ്റു ചിലരുമുണ്ടായിരുന്നു. അങ്ങനെ പാലസ് ഗ്രൗണ്ടിൽ പാഡ് കെട്ടി.
സന്പൂർണ ഓൾറൗണ്ടർ
കേരള ക്രിക്കറ്റിലെ ആദ്യ ഓൾറൗണ്ടറെന്നു വിളിക്കാവുന്ന താരമായിരുന്നു പി. രവിയച്ചൻ. 1952 മുതൽ 1970 വരെ നീണ്ട കരിയറിൽ ബാറ്റുകൊണ്ടും ബോളുകൊണ്ടും അദ്ദേഹം വിസ്മയമായി. വലം കൈ കൊണ്ടു ബാറ്റ് ചെയ്തപ്പോൾ ലെഗ് ബ്രേക്ക് ബൗളിംഗും മീഡിയം പേസും ഓഫ് സ്പിന്നും എല്ലാം തനിക്കു വഴങ്ങുമെന്നു രവിയച്ചൻ തെളിയിച്ചു. വടക്കൻ പറവൂരിനടുത്ത് ചേന്ദമംഗത്ത് ചരിത്ര സ്മരണകൾ ഉറങ്ങുന്ന പ്രസിദ്ധമായ പാലിയം തറവാട്ടിൽ 1928നാണു രവിയച്ചൻ ജനിച്ചത്.
രഞ്ജി ട്രോഫിയിൽ 1000 റണ്‍സും 100 വിക്കറ്റും നേടിയ ആദ്യ കേരള താരവും രവിയച്ചൻ തന്നെ. സി.എസ്. നായിഡു, വിജയ് മഞ്ജരേക്കർ, സി.ഡി. ഗോപിനാഥ്, എം.എൽ. ജയസിംഹ, മണ്‍സൂർ അലിഖാൻ പട്ടോഡി, എ.ജി. കൃപാൽ സിംഗ്ജി തുടങ്ങിയവരുടെയൊക്കെ വിക്കറ്റുകൾ വീഴ്ത്താനും രവിയച്ചന് സാധിച്ചിട്ടുണ്ട്.
തുടക്കം ക്രിക്കറ്റിലല്ല
ക്രിക്കറ്റിൽ ഉയരങ്ങളുടെ പടവുകൾ ഏറെ കയറിയെങ്കിലും രവിയച്ചൻ കളി തുടങ്ങിയത് ടെന്നീസ്, ബാഡ്മിന്റണ്‍, ടേബിൾ ടെന്നീസ്, ബോൾ ബാഡ്മിന്റൺ, ഫുട്ബോൾ എന്നിവയിലൂടെയായിരുന്നു. ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരം കാണാൻ ചെന്നൈയിൻ (അന്നത്തെ മദ്രാസ്) പോയപ്പോഴാണു ക്രിക്കറ്റ് തലയ്ക്കു പിടിച്ചത്.
കളി കാര്യമായതോടെ പരിശീലനങ്ങളും പുതിയ ടെക്നിക്കുകളും സ്വായത്തമാക്കി. തുടക്കത്തിൽ ബാറ്റിംഗ് ഓർഡറിൽ താഴെയായിരുന്നു രവിയച്ചന്റെ സ്ഥാനം. പൂജാ ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തതോടെ കേരള രഞ്ജി ടീമിലേക്കുള്ള പ്രവേശനം സാധ്യമായി.
രഞ്ജി ട്രോഫി സ്വന്തം
1952ൽ മൈസൂരിനെതിരേയാണു രവിയച്ചൻ രഞ്ജിയിലെ ആദ്യ മത്സരം കളിക്കുന്നത്. ഈ മത്സരത്തിൽ നാലാമനായി ബാറ്റിംഗിനിറങ്ങി ടീമിന്റെ ടോപ്സ്കോററായി. 43 റണ്‍സാണ് ആദ്യ ഇന്നിംഗ്സിൽ സ്വന്തം പേരിലെഴുതിയത്. ഈ മത്സരത്തിൽ കേരളം 86 റണ്‍സിനാണു പുറത്തായതെന്നു പറയുന്പോഴാണു 43 റണ്‍സിന്റെ വില അറിയുന്നത്.
കേരളത്തിന്റെ ആദ്യ രഞ്ജി ട്രോഫി വിജയത്തിലും രവിയച്ചന്റെ സംഭാവന വലുതായിരുന്നു. തലശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ 1963 ഡിസംബറിൽ ആന്ധ്രയ്ക്കെതിരേയുള്ള മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയ ശേഷമായിരുന്നു കേരളത്തിന്റെ അസാമാന്യമായ തിരിച്ചുവരവ്. ആദ്യ ഇന്നിംഗ്സിൽ 63 റണ്‍സിന് മൂന്ന് വിക്കറ്റും രണ്ടാം ഇന്നിംഗ്സിൽ 52 റണ്‍സിന് അഞ്ച് വിക്കറ്റും വീഴ്ത്തി കേരള വിജയത്തിന്റെ നെടുംതൂണായി.