മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തില്‍ സ്ത്രീവിരുദ്ധതയുള്ള സംഭാഷണങ്ങള്‍ അദ്ദേഹം തന്നെ ഉപയോഗിച്ചതിനെ വിമര്‍ശിച്ചതിന് നടി പാര്‍വതി ട്രോളന്മാരുടെയും മമ്മൂട്ടി ഫാന്സിന്റെയും വിമര്‍ശനത്തിന് പാത്രമായിരുന്നു.
തിരുവനന്തപുരത്ത് നടന്ന ചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുന്നതിനിടയിലാണ് മമ്മൂട്ടിയെ പോലെയൊരു മഹാനടന് സ്ത്രീവിരുദ്ധ പരാമര്‍ശമുള്ള സിനിമകളില്‍ അഭിനയിക്കുന്നത് ശരിയല്ല എന്ന് വിമര്‍ശിച്ചത്. അത് മമ്മൂട്ടി ഫാന്‍സിനെ പ്രകോപിപ്പിക്കുകയും അവരുടെ നേതൃത്വത്തില്‍ പാര്‍വതിയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമണം നടക്കുകയും ചെയ്തിരുന്നു.
ഇത് പ്രശ്നമാക്കേണ്ട കാര്യമല്ലെന്ന് മമ്മൂട്ടി തന്നെ ആരാധകരോട് പറഞ്ഞിരുന്നെങ്കിലും ട്രോളന്മാര് അത് കണക്കിലെടുത്തുപോലുമില്ല. പിന്നീട് പാര്‍വതിയും പൃഥിരാജും നായികാനായകന്മാരാവുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ ഗാനത്തിനെതിരെയും സോഷ്യല്‍മീഡിയയിലൂടെ ഡിസ്ലൈക്ക് ആക്രമണം നടന്നിരുന്നു.
പാര്‍വതിയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയിട്ടും ട്രോളന്മാര് അവരെ വെറുതെവിടാന്‍ തയാറായില്ല. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസറും ഇക്കഴിഞ്ഞ ദിവസം പുറത്തെത്തി. അത് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മമ്മൂക്ക എന്തൊക്കെ പറഞ്ഞാലും ശരി, എത്രയൊക്കെ പാര്‍വതിയെ സപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചാലും എത്രയൊക്കെ അവരോട് ക്ഷമിച്ചാലും പാര്‍വതിയുടെ സിനിമ ഞങ്ങള്‍ വിജയിപ്പിക്കില്ലെന്ന് ആവര്‍ത്തിച്ചു പറയുകയാണ് ട്രോളന്മാര്.
തങ്ങളുടെ നയം വ്യക്തമാക്കിയുള്ള ധാരാളം ട്രോളുകളും ഇറക്കുന്നുണ്ടവര്‍. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജില്‍ത്തന്നെ അത് വ്യക്തവുമാണ്. കാരണം, മമ്മൂട്ടി ഫേസ്ബുക്ക് പേജില്‍ എന്ത് പോസ്റ്റ് ചെയ്താലും ആയിരക്കണക്കിന് ഷെയറുകള്‍ നിമിഷങ്ങള്‍ക്കകം ലഭിക്കുന്നതാണ്. എന്നാല്‍ അദ്ദേഹം ഷെയര്‍ ചെയ്തിരിക്കുന്ന മൈസ്റ്റോറിയുടെ ടീസറിന് ലഭിച്ചിരിക്കുന്നത് നാമമാത്രമായ ഷെയര്‍ മാത്രമാണ്.