മണ്ണാർക്കാട്: മലയാളികളായ വൃദ്ധദന്പതികൾ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കേസന്വേഷണത്തിനായി പോലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചു. ഭോപ്പാൽ അവധ്പുരി പോലീസ് ആണ് കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തിന് രൂപംനൽകിയത് .
പുതിയ സംഘം ഇന്നുമുതൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് അറിയുന്നത് . പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20,000 രൂപ പാരിതോഷികവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടവരുടെ പ്രതികളെ കണ്ടു പിടിക്കാനായി പോലീസ് ഉൗർജ്ജിതമായി നടപടി നടത്തുന്നുണ്ടെന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത് .
മണ്ണാർക്കാട് നായാടിപ്പാറയുടെ പ്രിയപ്പെട്ടവരായ ഗോപാലകൃഷ്ണൻ നായരും ഭാര്യ ഗോമതി അമ്മയുമാണ് ദാരുണമായി കഴുത്ത് അറുത്ത നിലയിൽ മരണപ്പെട്ടത് . ഇന്നലെ കാലത്ത് ആണ് അവിടെ സ്ഥിരതാമസമാക്കിയ മുണ്ടാരത്ത് വീട്ടിൽ ഗോപാലകൃഷ്ണൻനായർ ( 74 ) ഭാര്യ ഗോമതി ( 63)എന്നിവർ വീടിനകത്ത് കഴുത്തറുത്ത നിലയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതായി ആര്യന്പാവ് നായടി പാറയിലേക്ക് വിവരം ലഭിക്കുന്നത് .
ആര്യന്പാവ് അരിയൂർ നായാടിപ്പാറ മുണ്ടാരത്ത് വീട്ടിൽ റിട്ടേർഡ് എയർപോർട്ട് ഉദ്യോഗസ്ഥനായ ഗോപാലകൃഷ്ണൻനായർ, റിട്ടയേഡ് നേഴ്സായ ഗോമതി അമ്മയും കഴിഞ്ഞ അന്പതു വർഷത്തോളമായി ഭോപ്പാലിലെ വിപാലാനിയി ലാണ് താമസം . ജോലിയിൽനിന്നും വിരമിച്ചശേഷം ഇവർ അവിടെ സ്ഥിര താമസമാക്കുകയായിരുന്നു .രണ്ടുവർഷം കൂടുന്പോൾ മാത്രമാണ് നായടിപ്പാറയിലെ വീട്ടിലെത്തിയിരുന്നത് .
ഗോമതി അമ്മയുടെ സഹോദരി പ്രസന്നയുടെയും ഗോപാലകൃഷ്ണൻ നായരുടെ സഹോദരൻ രാമചന്ദ്രന്റെയും വീട്ടിലാണ് ഇവർ അവധിക്ക് വരിക. കഴിഞ്ഞ ഒരുവർഷത്തിലേറെയായി ഇവർ നാട്ടിൽ വന്നു പോയിട്ട്. ഭോപ്പാലിലെ നർമ്മദ വാലിയിലെ വീട്ടിലാണ് താമസിക്കുന്നത്. ഇന്നലെ കാലത്ത് വീട്ടിലെത്തിയ ജോലിക്കാരിയാണ് ഇവരെ കാണാത്തതിനെതുടർന്നും വാതിൽതുറക്കാത്തതിനെതുടർന്നും അയൽവാസികളെ വിവരമറിയിച്ചത്. തുടർന്ന് മുകൾനിലയിലെ തുറന്നുകിടക്കുന്ന വാതിലിലൂടെ നോക്കിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പോലീസിൽ വിവരമറിയിച്ചു.
മൃതദേഹം ഭോപ്പാൽ എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് ഇരുവരുടെയും മൃതദേഹങ്ങൾ സുഭാഷ് നഗറിലെ ശ്മശാനത്തിൽ ദഹിപ്പിക്കും. പ്രശോഭ,പ്രസീദ, പ്രിയങ്ക എന്നിവരാണ് മക്കൾ ഇവർ മൂവരും കുടുംബത്തോടൊപ്പം വിദേശ രാജ്യങ്ങളിലാണ് താമസിക്കുന്നത് .തനിച്ച് താമസിക്കുന്ന വൃദ്ധ ദന്പതികളെ കുറിച്ച് അറിയുന്നവർ തന്നെയായിരിക്കും അരുംകൊല നടത്തിയിരിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടിൽ മുന്പ് ജോലി ചെയ്തിരുന്ന ആളെപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നുണ്ട്.