ദോഹ: സ്ത്രീകളുടെ കാഴ്ചപ്പാടുകൾക്കു മാറ്റം വേണമെന്നും സ്ത്രീകൾ അവർക്കു ലഭിച്ചിട്ടുള്ള അവകാശങ്ങൾ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കമെന്നും കേരള വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. “ഇന്ത്യൻ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംസ്കൃതി വനിതാ വേദി സ്കിൽസ് ഡവലപ്മെന്റ് സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.
അവിവാഹിതയായ, അമ്മയാവാത്ത ഒരു സ്ത്രീ, സ്വന്തം മാറിടം വില്പനചരക്കാക്കി മാതൃത്വത്തെ അവഹേളിക്കുകയും നിഷ്കളങ്കയായ ഒരു കുഞ്ഞിനോട് കാണിച്ച ക്രൂരതയുമായി മാത്രമേ മാസികയുടെ മുഖചിത്രത്തെ കാണാൻ സാധിക്കുകയുള്ളൂവെന്നും അവർ അഭിപ്രായപ്പെട്ടു.
മാതാപിതാക്കളുടെ അമിതമായ ഇടപെടൽ വിവാഹിതരായ പെണ്‍കുട്ടികളുടെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു വനിതാ കമ്മീഷന് മുന്നിൽ വന്ന ചില പരാതികളുടെ അടിസ്ഥാനത്തിൽ ഷാഹിദ പറഞ്ഞു പ്രഫഷണൽ ബിരുദ ധാരികളായ പെണ്‍കുട്ടികൾ പോലും പ്രായോഗിക ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്.
ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾ പഠിപ്പിക്കാത്ത മാതാപിതാക്കൾ മക്കളെ തള്ളിവിടുന്നത് ആത്മഹത്യകളിലേക്കും പ്രതിസന്ധികളിലേക്കുമാണെന്നും ഷാഹിദാ കമാൽ കൂട്ടിചേർത്തു.
തുടർന്നു സംസ്കൃതി വനിതാ വേദി കലാകാരികൾ ഒരുക്കിയ ദൃശ്യാവിഷ്കാരം സാവിത്രി”, സംഗീതശില്പം “ന്ധജ്വാല’” എന്നിവ അരങ്ങേറി. പി.എൻ. ചനോജ് സംവിധാനം ചെയ്ത സാവിത്രിയിൽ നിമിഷ നിഷാദ് വേദിയിൽ നിറഞ്ഞാടി.
എസ്.ജി. നിധിൻ സംവിധാനം നിർവഹിച്ച “ജ്വാല”യിൽ രാഗി വിനോദ് , ഷിൽന രജീഷ്, രചന ജിജേഷ്, ബേബി മനോജ്, ഷീല റോയ്, കാർത്തിക ഷൈനു, അനുഷ ശരത് എന്നിവർ വേഷമിട്ടു. കലാകാരികൾക്ക് സംസ്കൃതി ഉപഹാരങ്ങൾ സമ്മാനിച്ചു. ഹ്യുമാനിറ്റേറിയൻ അവാർഡ് നേടിയ ഡോ. സ്മിത, രതിപിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വനിതാവേദി വൈസ് പ്രസിഡന്റ് രാഗി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അർച്ചന ഓമനകുട്ടൻ സ്വാഗതവും ജോയിൻ സെക്രട്ടറി സുനീതി സുനിൽ നന്ദിയും പറഞ്ഞു.