ലിജിൻ കെ ഈപ്പൻ
മലയാള സിനിമയ്ക്കിപ്പോൾ യൗവന കാലമാണ്. വളരെ ശക്തമായൊരു യുവത്വം മലയാള സിനിമയുടെ നായകനിരയിലുണ്ട്. താരാധിപത്യത്തിന്റെ തലക്കനത്തേക്കാൾ മികച്ച സിനിമകൾക്കുള്ള ആരോഗ്യകരമായൊരു മത്സരം തന്നെ ഇവർക്കിടയിലുണ്ടെന്നു പറയാം. വ്യത്യസ്ത പ്രമേയങ്ങളും പരീക്ഷണ ങ്ങളുമായി ഒരുപിടി ചിത്രങ്ങളാണ് യുവതാരങ്ങളുടേതായി ഒരുങ്ങുന്നത്. ആശയപരമായും ആഖ്യാനപരമായും മലയാളത്തിന്റെ വെള്ളിത്തിരയിൽ വിസ്മയം തീർക്കുന്ന യൂത്തന്മാരുടെ പുതിയ പ്രോജക്ടുകളിലേക്ക്.
കാമറയ്ക്കു മുന്നിലും പിന്നിലും പൃഥ്വിരാജിന്റെ നായക വേഷമാണ് ഏറെ പ്രത്യേകത. റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന മൈസ്റ്റോറിയാണ് ഇനിയെത്തുന്ന പൃഥ്വി ചിത്രം. നവാഗതനായ നിർമ്മൽ സഹദേവ് അമേരിക്കൻ പശ്ചാത്തലത്തിൽ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ രണവും ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ബ്ലെസിയുടെ സംവിധാനത്തിൽ എ.ആർ റഹ്മാൻ സംഗീതം ഒരുക്കി, റസൂൽ പൂക്കുട്ടിയുടെ ശബ്ദ മിശ്രണത്തിലെത്തുന്ന പൃഥ്വിയുടെ ആടു ജീവിതം ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. അഞ്ജലി മേനോനും പൃഥ്വിയും ഒന്നിച്ച് പാർവതിയും നസ്രിയയും നായികമാരാകുന്ന പേരിടാത്ത ചിത്രവും തയാറാവുകയാണ്.
എസ്. മഹേഷ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം കാളിയൻ, പ്രദീപ് എം നായരുടെ മീറ്റർഗേജ് 1904-മൊക്കെ ഇനി പ്രതീക്ഷയുള്ള പ്രോജ്ക്ടുകളാണ്. ഇതിനൊപ്പം പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫറും ഈ വർഷം തയാറാകും. മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ വന്പൻ ബജറ്റിലാണ് ലൂസിഫർ സംവിധാനം ചെയ്യുന്നത്.
ജയസൂര്യയുടെ ബെസ്റ്റ് ടൈമാണിപ്പോൾ. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2, ക്യാപ്റ്റൻ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ ഹാട്രിക് വിജയമാണ് നേടിയിരിക്കുന്നത്. ഇനി കരിയറിലെ ഏറെ നിർണായകമാകുന്ന കഥാപാത്രവുമായി ജയസൂര്യ എത്തുന്ന ചിത്രമാണ് ‘ഞാൻ മേരിക്കുട്ടി’.
ചിത്രത്തിൽ ഒരു സ്ത്രീ കഥാപാത്രമായാണ് ജയസൂര്യ അഭിനയിക്കുന്നത്. രഞ്ജിത് ശങ്കർ-ജയസൂര്യ കോന്പിനേഷൻ മുന്പു സൃഷ്ടിച്ച വിജയം ഞാൻ മേരിക്കുട്ടിയും നേടുമെന്നത് തീർച്ച. ഇതിനു ശേഷം സാംജി ആന്റണിയുടെ ഗബ്രിയും ജയസൂര്യയ്ക്കായി കാത്തിരിക്കുന്നു.
കുഞ്ചാക്കോ ബോബൻ സേഫ് സോണിൽ മുന്നോട്ടു പോവുകയാണ്. കോമഡി ട്രാക്കിൽ കഥ പറയുന്ന കുട്ടനാടൻ മാർപാപ്പയാണ് ഉടനെത്തുന്ന ചിത്രം. അതിഥി രവിയും ശാന്തി കൃഷ്ണയുമടക്കം വലിയ താരനിരയിലെത്തുന്ന ചിത്രത്തിന്റെ സംവിധായകൻ ഛായാഗ്രാഹകൻ ശ്രീജിത്ത് വിജയ് ആണ്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവർണതത്തയിൽ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചാക്കോച്ചൻ.
പാവാടയ്ക്കു ശേഷം ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ജോണി ജോണി യേസ് പപ്പയിലും സംവിധായിക സൗ സദാനന്ദന്റെ ആദ്യ ചിത്രത്തിലും ചാക്കോച്ചൻ നായകനാകുന്നുണ്ട്. ആദ്യ ചിത്രം അനിയത്തി പ്രാവ് നിർമ്മിച്ച ബാനർ സ്വർഗചിത്ര വിതരണ രംഗത്തേക്കെത്തുന്ന മറ്റൊരു പ്രോജക്ടും ചാക്കോച്ചനായി കാത്തിരിക്കുന്നു.
അന്യഭാഷയിലെ തിരക്കുകൾ കഴിഞ്ഞാവും ദുൽഖർ ഇനി മലയാളത്തിലേക്കെത്തുന്നത്. ബോളിവുഡ് ചിത്രം കർവാനും തെലുങ്കു ചിത്രം മഹാനദിയും പൂർത്തിയാക്കിക്കഴിഞ്ഞു. രണ്ടാമത്തെ ഹിന്ദിചിത്രം മാൻമെർ സ്യാനും ഇതിനോടകം ദുൽഖറിനു കരാറായിട്ടുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീമിന്റെ തിരക്കഥയിലുള്ള ചിത്രമായിരിക്കും മലയാളത്തിൽ ഇനി ചെയ്യുന്നത്.
ലാൽ ജോസ് ചിത്രം ഒരു ഭയങ്കര കാമുകൻ, സെക്കന്റ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനുമായി ഒന്നിക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന പ്രോജക്ടും പിന്നാലെയെത്തുന്നുണ്ട്. ദുൽഖറിന്റെ ഫണ് ആക്ഷൻ ത്രില്ലർ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈയടിത്താൽ റിലീസിനു തയാറെടുക്കുകയാണ്.
റോഷൻ ആൻഡ്രൂസിന്റെ ബിഗ്ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയാണ് ഈ വർഷത്തെ നിവിന്റെ വന്പൻ പ്രോജക്ട്. മലയാളത്തിലും ഹിന്ദിയിലുമായി ഒരുക്കിയ ഗീതു മോഹൻദാസിന്റെ മൂത്തോൻ റിലീസിന് ഒരുങ്ങുകയാണ്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്തു അജു വർഗീസ് നിർമ്മാതാവുന്ന ലൗവ് ആക്ഷൻ ഡ്രാമയാണ് മറ്റൊരു ശ്രദ്ധേയ ചിത്രം. നയൻതാരയാണ് ചിത്രത്തിൽ നിവിനു നായിക. ഇതിനുപുറമെ മേജർ രവി- ജോമോൻ ടി ജോണ് ടീമിനൊപ്പമുള്ളതും കാമറമാൻ രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രവുമൊക്കെ ഈ വർഷത്തെ നിവിന്റെ പ്രോജക്ടുകളാണ്.
തമിഴ് ചിത്രം സൂപ്പർ ഡീലക്സാണ് ഫഹദ് ഫാസിലിന്റെ വലിയ പ്രോജക്ടായി ഒരുങ്ങുന്നത്. വിജയ് സേതുപതി, രമ്യ കൃഷ്ണൻ തുടങ്ങിയ വലിയ താരനിരക്കൊപ്പമുള്ള ചിത്രമാണത്. മലയാളത്തിൽ അൻവർ റഷീദിന്റെ ട്രാൻസാണ് ഫഹദിന്റെ ഏറെ പ്രതീക്ഷയുള്ള ചിത്രം. നസ്രിയ ഇടവേളയ്ക്കു ശേഷം ഈ ചിത്രത്തിലൂടെ ഫഹദിനൊപ്പം എത്തുന്നുണ്ട്.
പുതുമുഖ സംവിധായകർക്കൊപ്പം പരീക്ഷണങ്ങളുമായാണ് ആസിഫ് അലിയുടെ സഞ്ചാരം. വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരത്തിൽ ആസിഫിന്റെ വ്യത്യസ്തങ്ങളായ അഞ്ചു ലുക്കാണ് ഹൈലൈറ്റ്. മൃദുൽ നായരുടെ ബി.ടെകിൽ അപർണ ബാലമുരളിയാണ് ആസിഫ് അലിയ്ക്കു നായിക. ആഡ്വഞ്ചർ ഓഫ് ഓമനക്കുട്ടനു ശേഷം രോഹിത് വി.എസുമായി ഒന്നിക്കുന്ന ഇബ്ലിസ് എണ്പതിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന മ്യൂസിക്കൽ അഡ്വഞ്ചർ കോമഡിയാണ്.
ടോവിനോയ്ക്കു മാറി നിൽക്കാനാവാത്തവിധം കൈ നിറയെ ചിത്രങ്ങളാണ്. ഛായാഗ്രാഹക ബി. ആർ വിജയലക്ഷ്മിയുടെ അഭിയുടെ കഥ അനുവിന്റെയും തിയറ്ററിലെത്തിക്കഴിഞ്ഞു. പിയ ബാജ്പെയാണ് നായിക. തമിഴ് യൂത്ത് സ്റ്റാർ ധനുഷ് നിർമ്മിക്കുന്ന മറഡോണയാണ് മറ്റൊരു ചിത്രം.
അരുണ് ബോസിന്റെ ലൂക്കായും ഫെല്ലിനിയുടെ തീവണ്ടിയും പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലാണ്. നടനും സവിധായകനുമായ മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യനിൽ നിമിഷ സജയൻ, അനു സിതാര എന്നിവർക്കൊപ്പമാണ് ടോവിനോ ഇപ്പോൾ അഭിനയിക്കുന്നത്. ഇതിനൊപ്പം തമിഴിൽ ധനുഷിന്റെ വില്ലനായി മാരി 2-വിലും ഗൗതം മേനോന്റെ വിണ്ണൈതാണ്ടി വരുവായ രണ്ടാം ഭാഗത്തിലും ടോവിനോ പ്രധാന താരമാണ്.
ഇവർക്കൊപ്പം തന്നെ യുവതാരങ്ങളിൽ ശ്രദ്ധേയരായ ഉണ്ണി മുകുന്ദന്റെ ചാണക്യതന്ത്രം, ഇന്ദ്രജിത്ത് പോലീസ് വേഷത്തിൽ എത്തുന്ന തമിഴ് ചിത്രം നരകാസുരൻ, കാളിദാസ് ജയറാമിന്റെ പൂമരം തുടങ്ങിയവയും ഏറെ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളാണ്.