കണ്ണൂര്‍: വയര്‍ലെസ് അടിച്ചുമാറ്റി പോലീസുകാരെ വട്ടം കറക്കുന്ന മദ്യപാനി ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമ കണ്ട ഏവരുടെയും മനസില്‍ നിറഞ്ഞു നില്‍ക്കും. ഇതിനു സമാനമായ ഒരു സംഭവമാണ് പറഞ്ഞു വരുന്നത്. ഷുഹൈബ് വധക്കേസ് അന്വേഷണ സംഘത്തിലുള്‍പ്പെട്ട ഡിവൈഎസ്പിക്കാണ് ലോട്ടറിയടിച്ചത്. പൊലീസിന്റെ ഔദ്യോഗിക വയര്‍ലസ് സെറ്റിലൂടെ പുളിച്ചതെറി കേള്‍ക്കാനാണ് ഡിവൈഎസ്പിക്ക് ഭാഗ്യമുണ്ടായത്.സിപിഎം അനുകൂലിയായി അറിയപ്പെടുന്ന ഉദ്യോഗസ്ഥനു നേരെയാണ് ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിലെ രംഗത്തിനു സമാനമായ സംഭവമുണ്ടായത്.
‘ആക്ഷന്‍ ഹീറോ ബിജു’വില്‍ പൊലീസുകാരന്റെ അശ്രദ്ധ മൂലം ഒരു മദ്യപാനിക്ക് വയര്‍ലസ് സെറ്റ് കിട്ടുന്നതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെങ്കില്‍, ഇവിടെ അസഭ്യവര്‍ഷത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഏതു പൊലീസ് സ്റ്റേഷനില്‍ നിന്നാണു വിളി വന്നതെന്നു കണ്ടെത്താന്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ദിവസവും നടക്കാറുള്ള ‘സ്റ്റേഷന്‍ വിളി’ക്ക് ഇടയിലാണു സംഭവം. ദിവസവും രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കും ഇടയില്‍ ജില്ലാ പൊലീസ് മേധാവി ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വയര്‍ലെസില്‍ വിളിച്ചു വിവരങ്ങള്‍ ആരായുന്ന പതിവുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്റ്റേഷനില്‍ ലഭിച്ച പരാതികള്‍, റജിസ്റ്റര്‍ ചെയ്ത കേസുകള്‍, അറസ്റ്റ്, സമന്‍സ് നടപ്പാക്കല്‍ തുടങ്ങിയവയുടെ എണ്ണമാണ് വയര്‍ലെസിലൂടെ നല്‍കേണ്ടത്. എസ്പിക്ക് അസൗകര്യമുള്ള ദിവസം എഎസ്പിയോ ഏതെങ്കിലും ഡിവൈഎസ്പിയോ ആണു വിളിക്കുക. വിളിക്കുന്നയാളും എടുക്കുന്നയാളും മാത്രമാണു സംസാരിക്കുകയെങ്കിലും ആ സമയത്ത് ഓണ്‍ ചെയ്തു വച്ചിരിക്കുന്ന മറ്റു പൊലീസ് സ്റ്റേഷനുകളിലെ വയര്‍ലസ് സെറ്റുകളിലെല്ലാം സംഭാഷണം കേള്‍ക്കാം. വേണമെങ്കില്‍ ഇടയില്‍ കയറി സംസാരിക്കുകയും ചെയ്യാം.
ഇന്നു രാവിലെ എസ്പി സ്ഥലത്തില്ലാത്തതിനാല്‍ ഡിവൈഎസ്പി സ്റ്റേഷനുകളിലേക്കു വിളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആരോ ഇടയില്‍ കയറി അസഭ്യം പറഞ്ഞത്. മാലൂര്‍ സ്റ്റേഷനില്‍ നിന്നു വിവരങ്ങളെടുത്തു കോള്‍ അവസാനിപ്പിച്ച ഉടനെയായിരുന്നു അസഭ്യവര്‍ഷം. ജില്ലാ ആസ്ഥാനത്തെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നു നടത്തിയ പ്രാഥമികാന്വേഷണത്തില്‍, ഏതു സ്റ്റേഷനിലെ വയര്‍ലസ് സെറ്റില്‍ നിന്നാണു അസഭ്യവര്‍ഷം ഉണ്ടായതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.