ബോളിവുഡ് സിനിമാലോകത്ത് സ്വന്തം നിലപാട് വ്യക്തമാക്കുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന താരമാണ് കങ്കണ റാണാവത്ത്. അതിന്റെ പേരില്‍തന്നെ നിരവധി അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും പലയിടത്തുനിന്നും കങ്കണയ്ക്ക് കേള്‍ക്കേണ്ടിയും വന്നിരുന്നു. പൂര്‍വാധികം ശക്തിയോടെ സിനിമയിലേയ്ക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ചും താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കങ്കണയിപ്പോള്‍.
കങ്കണയുടെ വാക്കുകള്‍ ഇങ്ങനെ…കുറച്ച് വര്‍ഷങ്ങളായി ജീവിതം എന്റെ മുന്നില്‍ തുറന്ന് കാണിച്ചത് വ്യത്യസ്തയായി ഇരിക്കുന്നതില്‍ ഒരുപാട് നിഗൂഢതകള്‍ ഉണ്ടെന്നുള്ള തിരിച്ചറിവായിരുന്നു. ഭ്രാന്തി, മാനസികരോഗി ഈ വാക്കുകളായിരുന്നു എന്നെ അപമാനിക്കുന്നതിനായി അന്നെല്ലാവരും ഉപയോഗിച്ചിരുന്നത്. പക്ഷേ ഇവ ഒരിക്കലും ശാപവചനകളായി ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഇതെല്ലാം സിനിമ തെരഞ്ഞെടുക്കുന്നതിലേക്കാണ് എന്നെ നയിച്ചത്. ബോളിവുഡിലെ ക്യൂനെന്ന പേരിലാണ് കങ്കണാ റണാവത് അറിയപ്പെടുന്നത്. തന്റെ ഓരോ ചിത്രത്തിലൂടെയും നിലപാട് അറിയിക്കാനുള്ള ഉപാധിയായാണ് കങ്കണ ഉപയോഗിക്കുന്നത്.
കങ്കണയുടെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം മെന്റല്‍ ഹേ ക്യാ ആണ്. ചിത്രത്തില്‍ കങ്കണയ്ക്കൊപ്പം നായകനാകുന്നത് രാജ്കുമാര് റാവുവാണ്. ദേശീയ അവാര്‍ഡ് ജേതാക്കളായ ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ വ്യത്യസ്തമായ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ താന്‍ എന്തുകൊണ്ട് ഈ ചിത്രം തെരഞ്ഞെടുത്തു എന്ന് മനസു തുറന്നിരിക്കുകയാണ് കങ്കണ.
ഈ തിരക്കഥ വന്നപ്പോള്‍ എനിക്കറിയാമായിരുന്നു ചുറ്റുമുള്ള നിഗൂഢതകള്‍ പൊളിച്ചെടുക്കാന്‍ ഞാന്‍ ഈ കഥാപാത്രം തിരഞ്ഞെടുക്കണമായിരുന്നുവെന്ന്. നമ്മള് വ്യക്തിത്വം ആഘോഷമാക്കേണ്ട സമയമടുത്തിരിക്കുന്നു. ആളുകളെ ദയനീയവും സഹാനുഭൂതിയും ആവശ്യപ്പെടുന്ന പ്രതീകങ്ങളായി ഞങ്ങള്‍ ചിത്രത്തില്‍ കാണിക്കുന്നില്ല. വ്യക്തിത്വം പ്രകടിപ്പിക്കുന്നതിനെ ഭ്രാന്തായി കണക്കാക്കുന്നതിന് എതിരേയാണ് ഈ ചിത്രമെന്നും കങ്കണ പറഞ്ഞു. അതേസമയം വേറിട്ട തിരക്കഥയാണ് ചിത്രം തിരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ചിത്രത്തിലെ നായകനായ രാജ്കുമാര് റാവു അഭിപ്രായപ്പെട്ടിരുന്നു.