മുംബൈ: ഇന്ത്യയിൽ പ്രാദേശികവിപണി പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ ആഗോളഭീമൻ കൊക്ക കോള കൂടുതൽ തദ്ദേശീയ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനൊരുങ്ങുന്നു. രണ്ടു മൂന്നു വർഷത്തിനുള്ളിൽ കൊക്ക കോളയിൽനിന്ന് വിപണിയിലെത്തുന്ന ഉത്പന്നങ്ങളിൽ മൂന്നിൽ രണ്ടും പ്രാദേശികവിപണി ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്ന് കൊക്ക കോള ഇന്ത്യ ആൻഡ് സൗത്ത്ഈസ്റ്റ് ഏഷ്യ പ്രസിഡന്റ് ടി. കൃഷ്ണകുമാർ പറഞ്ഞു.
നിലവിൽ കൊക്ക കോള ഇന്ത്യയിൽ വില്ക്കുന്ന 50 ശതമാനം ഉത്പന്നങ്ങളും (തംസ്അപ്, ലിംക, മാസ തുടങ്ങിയവ) ഇന്ത്യക്കുവേണ്ടി മാത്രം ഉത്പാദിപ്പിക്കുന്നതാണ്. ഓരോ സംസ്ഥാനവും പരന്പരാഗതമായി ശീലിച്ചുപോരുന്ന പാനീയങ്ങളുണ്ട്.
ഓരോ സംസ്ഥാനങ്ങൾക്കും ഇത്തരത്തിൽ ഒന്നോ രണ്ടോ പാനീയങ്ങളുണ്ടെന്ന് കൊക്ക കോള കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഉൾപ്പെടെ തേങ്ങാവെള്ളത്തിനുള്ള പ്രാധാന്യം മനസിലാക്കി പുതിയ ഉത്പന്നങ്ങൾ ഇറക്കാനും പദ്ധതിയുണ്ട്. തേങ്ങാവെള്ളം കുപ്പിയില്ലാക്കി വിൽക്കാനായി സിക്കോ എന്ന ബ്രാൻഡ് കൊക്ക കോളയ്ക്കു കീഴിലുണ്ട്. ഈ ബ്രാൻഡിൽനിന്നുള്ള ഉത്പന്നങ്ങൾ ഇപ്പോൾ പരീക്ഷണഘട്ടത്തിലാണ്.
ഇതു കൂടാതെ പ്രാദേശിക പഴങ്ങൾ ഉൾപ്പെടുത്തി കൂടുതൽ ജ്യൂസ് ഉത്പന്നങ്ങളും വരുംവർഷങ്ങളിൽ വിപണിയിലെത്തിക്കും. മഹാരാഷ്ട്രയിൽ മൊസന്പിയും ഓറഞ്ചും സുലഭമാണ്. തമിഴ്നാട്ടിലാവട്ടെ നീലം മാങ്ങകളാണ് കൂടുതൽ ലഭ്യമാകുന്നത്. ഇവ ഉപയോഗിച്ചുള്ള ജ്യൂസുകളാണ് ഉത്പാദിപ്പിക്കുക.അതോടൊപ്പം എല്ലാ ഉത്പന്നങ്ങളിലും പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതായും കൃഷ്ണകുമാർ പറഞ്ഞു.