കൊച്ചി: എംജി സർവകലാശാല കലോത്സവത്തിനു നാളെ തിരശീല വീഴാനിരിക്കെ തേവര സേക്രഡ് ഹാർട്ട് കോളജിന്റെ തേരോട്ടം. കരുത്തരായ മഹാരാജാസിനെയും നിലവിലെ ചാന്പ്യൻമാരായ എറണാകുളം സെന്റ് തെരേസാസിനെയും പിന്നിലാക്കിയാണു തേവര സേക്രഡ് ഹാർട്ട് കോളജിന്റെ മുന്നേറ്റം.
കഴിഞ്ഞ ദിവസം രണ്ടാം സ്ഥാനത്തായിരുന്ന തേവര എസ്എച്ച് ഇന്നലെ മാത്രം 30 പോയിന്റ് സ്വന്തമാക്കിയാണു കിരീടപോരാട്ടത്തിൽ വൻ കുതിപ്പു നടത്തിയത്. ഗ്രൂപ്പിനങ്ങളിലും വ്യക്തിഗത ഇനങ്ങളിലും ഒരു പോലെ മികവു പ്രകടിപ്പിച്ച എസ്എച്ച് കോളജ് 40 പോയിൻറുമായി എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ്. ഇന്നു നടക്കുന്ന മോഹിനിയാട്ടം, ദഫ്മുട്ട്, ശാസ്ത്രിയ സംഗീതം മത്സരങ്ങളും എസ്എച്ചിനു വിജയ പ്രതീക്ഷയുള്ള ഇനങ്ങളാണ്.
രണ്ടാം ദിനം ആദ്യസ്ഥാനം പങ്കിട്ട എറണാകുളം മഹാരാജാസ് കോളജും തൃപ്പൂണിത്തുറ ആർഎൽവി കോളജും ഇന്നലെ രണ്ടാം സ്ഥാനത്തായി. 16 പോയിന്റു മാത്രമാണ് ഇവർക്കുള്ളത്. 11 പോയിന്റുകളുമായി ചങ്ങനാശേരി എൻഎസ്എസ് കോളജും ആലുവ സെൻറ് സേവ്യേഴ്സ് കോളജും മൂന്നാം സ്ഥാനത്തുണ്ട്. നിലവിലെ ചാന്പ്യ·ാരായ എറണാകുളം സെന്റ് തെരേസാസിന് മൂന്നാം ദിനവും പട്ടികയിലെ സ്ഥാനം മെച്ചപ്പെടുത്താനായില്ല.
പത്തു പോയിന്റുമായി എസ്എൻഎം കോളജ് മാല്യങ്കര, അക്വിനാസ് കോളജ് എന്നിവർക്കൊപ്പം നാലാം സ്ഥാനത്താണ് സെന്റ് തെരേസാസ്. ഒന്പതു പോയിന്റുള്ള കൊച്ചിൻ കോളജാണ് അഞ്ചാമത്. നാലാം ദിനമായ ഇന്ന് 17 ഇനങ്ങളിൽ മത്സരം നടക്കും. അവസാന ദിനമായ നാളെ അഞ്ച് വേദികളിലാണു മത്സരം. വൈകിട്ട് ആറിന് ഒന്നാം വേദിയായ രാജേന്ദ്ര മൈതാനിയിലാണു സമാപന സമ്മേളനം.