അങ്കമാലി: അങ്കമാലി ടൗണിൽ കടവരാന്തയിൽ മധ്യവയസ്കനെ കൊല്ലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഏഴുപേർ പോലീസ് കസ്റ്റഡിയിൽ. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് ചാലക്കുടി കുറ്റിച്ചിറ ചാല പറമ്പൻ സത്യനെ (55)യാണ് തലയിൽ കല്ലുകൊണ്ട് ഇടിയേറ്റ് കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അങ്കമാലി ടൗണിൽ ചെരുപ്പുകുത്തുന്ന ജോലി ചെയ്യുന്നയാളാണ് സത്യൻ.വർഷങ്ങളായി അങ്കമാലിയിൽ വിവിധയിടങ്ങളിലായി റോഡരികിൽ ജോലിയും കട വരാന്തയിൽ അന്തിയുറക്കവുമായിരുന്നു പതിവ്. കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപത്ത് ദേശീയ പാതയിൽ പഴക്കടയുടെ ഷട്ടറിനോട് ചേർന്ന് തലയിൽ കല്ല് വീണ നിലയിലായിരുന്നു മൃതദേഹം.
പഴങ്ങൾ വയ്ക്കുന്ന സ്റ്റാൻഡിന്റെ മറയിലുമായിരുന്നു. രാവിലെ കടയുടെ അടുത്തുകൂടെ കടന്നുപോയവർ രക്തം കണ്ടതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു സത്യന്റെ തലയിൽ ഇട്ടിരിക്കുന്ന കല്ല് റോഡരികിൽ നിന്നും ഇളക്കിയെടുത്തിട്ടുള്ളതാണ്. 13.5 കിലോഗ്രാം ഭാരമുള്ള കല്ലാണ് തലയിൽ പതിച്ചിട്ടുള്ളത്.
സത്യനുമായി വഴക്കിട്ടിരുന്നവർ ഉൾപ്പെടെ ഏഴു പേരെയാണ് പോലീസ് ചോദ്യം ചെയ്യുന്നതിന്നായി കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കൂടാതെ സമീപത്തെ കടയുടെ സിസിടിവി യിൽ പതിഞ്ഞിട്ടുള്ള ഒരു വികലാംഗനുൾപ്പെടെയുള്ള രണ്ടു പേരെ പോലീസ് തെരയുന്നുണ്ട്.
കസ്റ്റഡിയിലുള്ളവരിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.കൊലപാതകം നടന്ന കടയുടെ സമീപത്ത് നാലു കടകൾക്കു മുമ്പിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു സ്ഥലത്തെ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിനെ ആശ്രയിച്ചാണ് പോലീസ് നീങ്ങുന്നത്.