ചേർത്തല: പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ ബൈക്കിൽ മറ്റൊരു ബൈക്കിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാതിരപ്പള്ളി വെളിയിൽ ബാലന്റെ മകൻ ബിച്ചു (24) ആണ് മരിച്ചത്. ബിച്ചു ഓടിച്ച ബൈക്ക് നാലംഗ കുടുംബം സഞ്ചരിച്ച ബൈക്കിലാണ് ഇടിച്ചത്.
അപകടത്തിൽ കഞ്ഞിക്കുഴി ലൂഥറൻ സ്കൂളിന് സമീപം കിഴക്കേ തയ്യിൽ ഷേബു (39) ഭാര്യ സുമി (35) മക്കൾ ഹർഷ (10) ശ്രീലക്ഷ്മി (നാല്) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. സുമിയുടെ വാരിയെല്ലും കാലുകളും ഒടിഞ്ഞു. ഹർഷയുടെയും ശ്രീലക്ഷ്മിയുടെയും കാലുകളും ഒടിഞ്ഞു. ദേശീയപാതയിൽ കഞ്ഞിക്കുഴി ജംഗ്ഷന് വടക്ക് ഇന്നലെ പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം.
എസ്എൻ കോളജിന് മുന്നിൽ വാഹന പരിശോധന നടത്തുന്പോൾ ഷേബുവും കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്ക് കൈ കാണിച്ചിട്ട് നിർത്താതെ പോയപ്പോൾ പോലീസ് ജീപ്പിൽ പിന്തുടർന്ന് ബൈക്കിനെ മറികടന്ന് റോഡിനുകുറുകെനിർത്തി വാഹനം നിർത്താൻ ആവശ്യപ്പെട്ടു.
ദന്പതികൾ സഞ്ചരിച്ച ബൈക്ക് പോലീസ് ജീപ്പ് കണ്ട് നിർത്തിയപ്പോൾ ബിച്ചുവിന്റെ ബൈക്ക് ഇവരുടെ ബൈക്കിലിടിക്കുകയായിരുന്നു. അപകടസ്ഥലത്തുവച്ച് തന്നെ ബിച്ചു മരിച്ചു. ഷേബുവും കുടുംബവും ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണു.
ബോധരഹിതരായി കിടക്കുകയായിരുന്ന ഇവരെ പോലീസ് ജീപ്പിലാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഷേബുവും കുടുംബവും കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് ചിക്കര വഴിപാടിന് ഇരിക്കുന്ന ബന്ധുവിന്റെ കുട്ടിയെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ ബൈക്കിനെ പിന്തുടരുകയോ ജീപ്പ് കുറുകെ ഇടുകയോ ചെയ്തിട്ടില്ലെന്നാണ് മാരാരിക്കുളം പോലീസ് പറയുന്നത്. ഭുവനേശ്വരിയാണ് മരിച്ച ബിച്ചുവിന്റെ അമ്മ. സഹോദരൻ കിച്ചു.