കോട്ടയം: എരുമേലിക്കടുത്ത് കനകപ്പലത്ത് അർധരാത്രിയിൽ കാറും ക്രെയിൻ സർവീസ് വാഹനവുമായി കൂട്ടിയിടിച്ച് കാറിൽ യാത്ര ചെയ്ത ദന്പതികൾ മരിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. കട്ടപ്പന ബാലഗ്രാം കൂടത്തിങ്കൽ വിദ്യാധരക്കുറുപ്പ് (65), ഭാര്യ ശാന്തമ്മ (60) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ രാജീവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാലഗ്രാം സ്വദേശിയാണ് രാജീവ്. ഇന്നലെ രാത്രി 12 മണിക്കാണ് അപകടം. ശാന്തമ്മയുടെ ചികിത്സയ്ക്കായി തിരുവനന്തപുരം ആർസിസിയിൽ പോയി മടങ്ങുകയായിരുന്നു കാർ യാത്രക്കാർ. ഇവർ റാന്നിയിൽ നിന്ന് എരുമേലി ഭാഗത്തേക്ക് വരുന്പോൾ എതിരേ റാന്നി ഭാഗത്തേക്ക് പോവുകയായിരുന്ന ക്രെയിൻ സർവീസ് വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാധരക്കുറുപ്പിനെയും ഭാര്യയെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുക്കാൽ മണിക്കൂറിനകം മരണം സംഭവിച്ചു. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നു. എരുമേലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ദന്പതികളുടെ മൃതദേഹം പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് മണിമല സിഐ ടി ഡി സുനിൽകുമാർ അറിയിച്ചു.
കാൻസറിനെ തോൽപ്പിച്ചു, പക്ഷെ…
എരുമേലി : കാൻസർ രോഗത്തെ ചികിത്സയിലൂടെ ഭേദമാക്കാനായെങ്കിലും ശാന്തകുമാരിയെ വിധി കൈവിട്ടു. ഒപ്പം ഭർത്താവിനെയും മരണം തട്ടിയെടുത്തു. ഇന്നു പുലർച്ചെ എരുമേലി -റാന്നി റോഡിൽ കനകപ്പലത്തുണ്ടായ അപകടത്തിൽ കട്ടപ്പന ബാലഗ്രാം സ്വദേശികളായ വിദ്യാധരക്കുരുപ്പ് ഭാര്യ ശാന്തകുമാരി എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്ന ശാന്തകുമാരിയെയും കൊണ്ട് നാട്ടിലേക്കു വരുന്പോഴായിരുന്നു അപകടം. കാറും ക്രെയിൻ സർവീസും കൂട്ടിയിടിച്ചായിരുന്നു അപകടം. എരുമേലിയിൽ നിന്നും വന്ന ക്രൈയിൻ യൂണിറ്റ് വാഹനം കനകപ്പലത്തു എത്തുന്പോൾ അമിത വേഗത്തിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നെന്ന് ക്രെയിൻ ഡ്രൈവർ കോതമംഗലം സ്വദേശി സോബിഷ് പറഞ്ഞു.
പുലർച്ചെ വാഹനത്തിരക്ക് കുറവായതിനാൽ ക്രെയിൻ വാഹനം തൊട്ടടുത്ത് എത്തിയപ്പോഴാണ് കണ്ടതെന്നും അപ്പോഴേക്കും അപകടം സംഭവിച്ചെന്നും കാർ ഡ്രൈവർ പറയുന്നു. മരിച്ച ദന്പതികളുടെ മകന്റെ സുഹൃത്താണ് പരിക്കേറ്റ കാർ ഡ്രൈവർ രാജീവ്.